Quantcast

ശ്രീലങ്കന്‍ സന്ദര്‍ശനത്തിടെ അപകടത്തില്‍ ഭാര്യയും മകനും മരിച്ചു; ഡല്‍ഹി സ്വദേശിക്ക് 50 ലക്ഷം നല്‍കാന്‍ ഉത്തരവ്

ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് ട്രാവല്‍ ഏജന്‍സികളായ തോമസ് കുക്കിനും റെഡ് ആപ്പിളിനും നിര്‍ദേശം നല്‍കിയത്

MediaOne Logo

Web Desk

  • Published:

    22 Aug 2023 7:35 AM GMT

Kanupuriya Saigal
X

അപകടത്തില്‍ മരിച്ച കനുപുരിയ സൈഗാൾ

ഡല്‍ഹി: ശ്രീലങ്കൻ സന്ദർശനത്തിനിടെയുണ്ടായ അപകടത്തിൽ ഭാര്യയും മകനും ഭാര്യാ പിതാവും മരിച്ച സംഭവത്തില്‍ ഡല്‍ഹി സ്വദേശിക്ക് 50 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്. ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് ട്രാവല്‍ ഏജന്‍സികളായ തോമസ് കുക്കിനും റെഡ് ആപ്പിളിനും നിര്‍ദേശം നല്‍കിയത്.

2019 ഡിസംബറിലാണ് അപകടം നടന്നത്. മരിച്ച കനുപുരിയ സൈഗാൾ മുൻ പത്രപ്രവർത്തകനും എൻഡിടിവിയിലെ വാർത്താ അവതാരകയുമായിരുന്നു.മകൻ ശ്രേയ സൈഗാളും പിതാവും പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഗംഗാ പ്രസാദ് വിമലും സഞ്ചരിച്ചിരുന്ന വാന്‍ കൊളംബോയില്‍ വച്ച് കണ്ടെയ്‌നർ ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 52 കാരനായ വാൻ ഡ്രൈവറും മരിച്ചിരുന്നു. ഭർത്താവ് യോഗേഷ് സൈഗാൾ, മകൾ ഐശ്വര്യ സൈഗാൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തില്‍ നാലു വര്‍ഷത്തിനു ശേഷമാണ് യോഗേഷ് സൈഗാളിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയത്.

തോമസ് കുക്ക്, റെഡ് ആപ്പിൾ ട്രാവൽ ഏജന്‍സികള്‍ക്ക് അവര്‍ വാടകയ്‌ക്കെടുത്ത ഡ്രൈവറുടെ അശ്രദ്ധ കാരണം അത് കേവലം ബുക്കിംഗ് ആണെന്ന് പറഞ്ഞ് അപകടത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടാൻ അനുവദിക്കാനാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. അശ്രദ്ധയും സേവനങ്ങളിലെ പോരായ്മയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും നിയമനടപടികളുടെ ചെലവും ചൂണ്ടിക്കാട്ടി തോമസ് കുക്കിനും റെഡ് ആപ്പിൾ ട്രാവലിനുമെതിരെ സൈഗാൾ കുടുംബം ഫോറത്തെ സമീപിച്ചിരുന്നു. 8.99 കോടിയുടെ നഷ്ടപരിഹാരമാണ് അവർ ആവശ്യപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ ഡൽഹിയിൽ നടന്ന ഭാര്യയുടെയും മകന്‍റെയും ശവസംസ്‌കാര ചടങ്ങുകളിലും അന്ത്യകർമങ്ങളിലും പങ്കെടുക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് സൈഗാൾ പരാതിയിൽ പറഞ്ഞു.

ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന ഭാര്യാമാതാവിനെ ഭര്‍ത്താവിന്‍റെ നഷ്ടം വല്ലാതെ ബാധിച്ചു. തന്‍റെ മകൾ കടുത്ത മാനസിക ആഘാതവുമായി മല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പോലെ നടക്കാനോ ഉറങ്ങാനോ ആളുകളുമായി ഇടപഴകാനോ സാധിക്കുന്നില്ലെന്നും സൈഗാള്‍ പരാതിയില്‍ പറയുന്നു. ട്രാവല്‍ ഏജന്‍സികള്‍ മൂന്നു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കാലതാമസമുണ്ടായാല്‍ 10 ലക്ഷം രൂപ കൂടി നല്‍കണമെന്നുമാണ് ഫോറത്തിന്‍റെ ഉത്തരവ്.

TAGS :

Next Story