Quantcast

എന്തു കൊണ്ട് പരമാവധി ശിക്ഷ?; വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതി

"ആ പരാമർശം നല്ലതല്ല എന്നതിൽ എതിരഭിപ്രായമില്ല. പൊതു പ്രസംഗങ്ങളിൽ ഇത്തരം പരാമർശങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്."

MediaOne Logo

Web Desk

  • Published:

    4 Aug 2023 9:24 AM GMT

rahul gandhi
X

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി പുറപ്പെടുവിച്ച പരമാവധി ശിക്ഷാവിധി ചോദ്യം ചെയ്ത് സുപ്രിംകോടതി. കേസിൽ എന്തു കൊണ്ടാണ് രാഹുൽഗാന്ധിക്ക് പരമാവധി ശിക്ഷ നൽകിയത് എന്ന് വിചാരണക്കോടതി വിധിയിൽ പറയുന്നില്ലെന്ന് വിധി സ്‌റ്റേ ചെയ്ത ബിആർ ഗവായ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ടമാണ് പരമോന്നത കോടതിയുടെ വിധി.

സുപ്രിം കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ;

* ശിക്ഷാവിധി സംബന്ധിച്ച് ഞങ്ങൾ ചില കാര്യങ്ങൾ പരിഗണിച്ചു. ശിക്ഷാനിയമത്തിലെ വകുപ്പ് 498,499 പ്രകാരം രണ്ടു വർഷത്തെ ശിക്ഷയും പിഴയും അല്ലെങ്കിൽ രണ്ടും നൽകാവുന്ന വകുപ്പാണ് പരാതിക്കാരനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടു വർഷത്തെ പരമാവധി ശിക്ഷയാണ് വിചാരണക്കോടതി ജഡ്ജി നൽകിയത്. സുപ്രിംകോടതി അനുശാസനമല്ലാതെ, ശിക്ഷാവിധിക്ക് മറ്റൊരു കാരണം വിചാരണക്കോടതി ജഡ്ജ് നൽകിയിട്ടില്ല.

*പരമാവധി ശിക്ഷയെ കുറിച്ച് മാത്രമാണ് വിധിയിൽ ശ്രദ്ധിച്ചത്. ജനപ്രാതിനിധ്യ നിയമത്തെ കുറിച്ച് ആലോചിച്ചില്ല. ഒരു ദിവസം കുറവായിരുന്നു ഈ നിയമം (അയോഗ്യത) ബാധകമാകുമായിരുന്നില്ല.

* ഒരു കുറ്റത്തിന് പരമാവധി ശിക്ഷ നൽകുമ്പോൾ എന്തുകൊണ്ടാണ് ആ ശിക്ഷ നൽകുന്നത് എന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടിയിരുന്നു.

* അയോഗ്യതാ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളവെ ഹൈക്കോടതി അടക്കമുള്ള നീതിപീഠങ്ങൾ ഒരുപാട് പേജുകൾ എഴുതിയെങ്കിലും ഈ വശം പരിഗണിക്കാതെ പോയി.

* ആ പരാമർശം നല്ലതല്ല എന്നതിൽ എതിരഭിപ്രായമില്ല. പൊതു പ്രസംഗങ്ങളിൽ ഇത്തരം പരാമർശങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.

* വിധിയുടെ അനന്തരഫലങ്ങൾക്ക് വ്യാപ്തിയുണ്ട്. പൊതുജീവിതത്തിൽ തുടരാനുള്ള പരാതിക്കാരന്റെ അവകാശത്തെ മാത്രമല്ല, അദ്ദേഹത്തെ തെരഞ്ഞെടുത്ത മണ്ഡലത്തിലെ ആളുകളുടെ അവകാശത്തെ കൂടി വിധി ബാധിച്ചു.

അപകീർത്തി പരാമർശത്തിൽ 2023 മാർച്ച് 23നാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നത്. മുപ്പത് ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാൻ അതേദിവസം തന്നെ ജാമ്യം നൽകുകയും ചെയ്തു. വിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്‌സഭാ അംഗത്വം ലോക്‌സഭാ സെക്രട്ടറിയേറ്റ് റദ്ദാക്കി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സൂറത്ത് സെഷൻസ് കോടതിയെയും ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധിയല്ല ഉണ്ടായതി. ഇതിന് ശേഷം രാഹുൽ സുപ്രിം കോടതിയെ സമീപിച്ചത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ 'എല്ലാ കള്ളന്മാർക്കും മോദി എന്ന സർ നെയിം എങ്ങനെ വന്നു' എന്ന പരാമർശമാണ് കേസിന് ആധാരം. പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ഗുജറാത്ത് ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.




TAGS :

Next Story