Quantcast

ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി: തൃണമൂല്‍ എംഎല്‍എയ്ക്ക് പരിക്ക്, സുവേന്ദു അധികാരിയെ സസ്പെന്‍ഡ് ചെയ്തു

സുവേന്ദു അധികാരി ഉൾപ്പെടെ 4 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2022-03-28 10:26:54.0

Published:

28 March 2022 8:29 AM GMT

ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി: തൃണമൂല്‍ എംഎല്‍എയ്ക്ക് പരിക്ക്, സുവേന്ദു അധികാരിയെ സസ്പെന്‍ഡ് ചെയ്തു
X

കൊല്‍ക്കത്ത: ബിർഭൂം സംഘര്‍ഷത്തെ ചൊല്ലി പശ്ചിമ ബംഗാൾ നിയമസഭയിൽ കയ്യാങ്കളി. ബിജെപി - തൃണമൂൽ എംഎൽഎമാർ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കൂട്ടക്കൊലപാതകത്തിൽ സഭയില്‍ ചർച്ച ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സുവേന്ദു അധികാരി ഉൾപ്പെടെ 4 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി സഭയിൽ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിയമസഭ സംഘർഷഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍-ബിജെപി എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചീഫ് വിപ്പ് മനോജ് ടിഗ്ഗ ഉള്‍പ്പെടെയുള്ള ബിജെപി എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ കയ്യേറ്റം ചെയ്തെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. എന്താണ് മമത ബാനര്‍ജി ഒളിക്കാന്‍ ശ്രമിക്കുന്നതെന്നും അമിത് മാളവ്യ ചോദിച്ചു.

അതേസമയം ഏറ്റുമുട്ടലിൽ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്‍റെ മൂക്കിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മർദിച്ചെന്ന് അസിത് മജുംദാര്‍ പറഞ്ഞു. തുടര്‍ന്ന് സുവേന്ദു അധികാരി ഉള്‍പ്പെടെ നാല് ബിജെപി എംഎല്‍എമാരെ ഈ വർഷം മുഴുവൻ സസ്‌പെൻഡ് ചെയ്തു.

ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെയാണ് ചുട്ടുകൊന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഭാദു ഷെയ്ഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. കൽക്കട്ട ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു.


TAGS :

Next Story