കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി തൃണമൂൽ; 50 ലക്ഷം നിവേദനങ്ങളുമായി ഗവർണറെ കാണും
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത നടപടികളാണ് ഡൽഹി പൊലീസിൽനിന്ന് നേരിടേണ്ടി വന്നത്.
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. 50 ലക്ഷം തൊഴിലാളികൾ ഒപ്പിട്ട നിവേദനങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇന്ന് ഗവർണറെ കാണും. ഡൽഹിയിലെ പ്രതിഷേധ പരിപാടികൾക്കിടയിൽ ഡൽഹി പൊലീസ് നേതാക്കളെ കയ്യേറ്റം ചെയ്‌തെന്ന ആരോപണമുയർത്തി കേന്ദ്രസർക്കാരിനെതിരായ നിലപാടും തൃണമൂൽ കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത നടപടികളാണ് ഡൽഹി പൊലീസിൽനിന്ന് നേരിടേണ്ടി വന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രവിഷ്‌കൃത പദ്ധതികൾക്ക് അനുവദിച്ച തുകയിൽ കേന്ദ്രസർക്കാർ വരുത്തിയെ കുടിശ്ശിക വിട്ടു നൽകണമെന്നതായിരുന്നു തൃണമൂൽ കോൺഗ്രസ് പ്രതിഷേധങ്ങളുടെ ആധാരം. കൃഷിഭവനിൽ പ്രതിഷേധിച്ച നേതാക്കളെ ചൊവ്വാഴ്ച ബലം പ്രയോഗിച്ച് ഡൽഹി പോലീസ് പുറത്താക്കിയ സാഹചര്യത്തിലാണ് തുടർ പ്രക്ഷോഭം പശ്ചിമ ബംഗാളിലേക്ക് മാറ്റാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളായ 50 ലക്ഷം തൊഴിലാളികൾ തയ്യാറാക്കിയ നിവേദനങ്ങളുമായാണ് തൃണമൂൽ കോൺഗ്രസ് സംഘം ഇന്ന് ഗവർണറെ കാണുക. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ച തൃണമൂൽ കോൺഗ്രസ്, തൊഴിലാളികളുടെ പണം കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അവകാശവാദങ്ങൾ വ്യാജമെന്ന് ആരോപിച്ച ബി.ജെ.പി തൃണമൂൽ കോൺഗ്രസ് ഉയർത്തിയ ചോദ്യങ്ങൾക്കും ഇതുവരെ മറുപടി നൽകിയിട്ടില്ല. കൂടുതൽ പ്രവർത്തകരെ സംഘടിപ്പിച്ച ഡൽഹിയിലേക്ക് സമരം വ്യാപിപ്പിക്കാൻ മമതാ ബാനർജിയും തീരുമാനിച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ രണ്ടുമാസത്തിനുശേഷം മമതാ ബാനർജി ആയിരിക്കും ഡൽഹി കേന്ദ്രീകരിച്ചുള്ള തൃണമൂൽ കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുക.
Adjust Story Font
16