പെഗാസസ് ചര്‍ച്ചക്കിടെ മന്ത്രിയുടെ കയ്യില്‍ നിന്നും കടലാസ് തട്ടിപ്പറിച്ചു കീറിയെറിഞ്ഞു; തൃണമൂല്‍ എം.പിക്ക് സസ്പെന്‍ഷന്‍
സഭയില്‍ അരങ്ങേറിയ സംഭവത്തില്‍ താന്‍ ദുഖിതനാണെന്ന് ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശാന്തനു സെന്നിനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഐ.ടി മന്ത്രിയുടെ കയ്യില്‍ നിന്നും പെഗാസസ് വിവാദവുമായ ബന്ധപ്പെട്ട പ്രസ്താവന തട്ടിപ്പറിച്ചു കീറിയതിനെ തുടര്‍ന്നാണ് എം.പിയെ സഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതെന്ന് പി.ടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭയുടെ വര്‍ഷകാല സമ്മേളനത്തിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാന്തനു സെന്നിന് പങ്കെുടക്കുന്നതിന് വിലക്കുണ്ട്.
പാര്‍ലമെന്ററികാര്യ മന്ത്രി വി മുരളീധരന്‍ ആണ് ശാന്തനുവിനെതിരെ പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് എം.പി സഭ വിടണമെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ശാന്തനു സെന്നിനെതിരായ നടപടിക്കെതിരെ തൃണമൂല്‍ എം.പിമാര്‍ രംഗത്ത് വന്നതോടെ സഭ വീണ്ടും പ്രക്ഷുബ്ധമായി. ശബ്ദവോട്ടോടെയാണ് എം.പിക്കെതിരായ പ്രമേയം പാസായത്.
കുപ്രസിദ്ധമായ പെഗാസസ് ചാരപ്പണിയെ സംബന്ധിച്ച് ഐ.ടി മന്ത്രി അശ്വിനി വൈശ്ണവ് സംസാരിക്കുന്നതിനിടെ ശാന്തനു സെന്‍ എം.പി പേപ്പര്‍ തട്ടിപ്പറിച്ച് കീറി എറിയുകയായിരുന്നു. സഭയില്‍ അരങ്ങേറിയ സംഭവത്തില്‍ താന്‍ ദുഖിതനാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. തൃണമൂല്‍ എം.പിയുടെ ഭാഗത്തു നിന്നുണ്ടായത് പാര്‍ലമെന്ററി ജനാധിപത്യത്തിന് നേരെയുള്ള അക്രമമാണെന്നും നായിഡു പറഞ്ഞു.
ശാന്തനു സെന്നിന്റെ ഭാഗം കേള്‍ക്കാതെ പ്രമേയം അവതരിപ്പിക്കുന്നതിനെതിരെ തൃണമൂല്‍ എം.പിമാരും രംഗത്തെത്തി. മറ്റു പ്രതിപക്ഷ നേതാക്കളായ ജയറാം രമേശ്, ആനന്ദ് ശര്‍മ, സുഖേന്തു റായ് എന്നിവരും സംഭവവുമായി ബന്ധപ്പെട്ടു വെങ്കയ്യ നായിഡുവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സഭയുടെ സുഗമമായ നടത്തിപ്പിന് ശാന്തനു സെന്‍ സഭ വിട്ടുപോകണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെടുകയായിരുന്നു.
Adjust Story Font
16