Quantcast

അമിത് ഷായുടെ ഓഫീസിന് മുന്‍പില്‍ തൃണമൂല്‍ എംപിമാരുടെ ധര്‍ണ

ത്രിപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക്‌ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ്‌ ധർണ.

MediaOne Logo

Web Desk

  • Updated:

    2021-11-22 08:57:27.0

Published:

22 Nov 2021 8:44 AM GMT

അമിത് ഷായുടെ ഓഫീസിന് മുന്‍പില്‍ തൃണമൂല്‍ എംപിമാരുടെ ധര്‍ണ
X

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ ഓഫീസിന്‌ പുറത്ത്‌ തൃണമൂൽ എംപിമാരുടെ ധര്‍ണ. ത്രിപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക്‌ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ്‌ ധർണ.

ത്രിപുരയില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സ്ഥിരമായി ആക്രമിക്കപ്പടുന്ന സാഹചര്യത്തില്‍ അമിത് ഷായെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ തൃണമൂല്‍ എംപിമാര്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. ഡെറക് ഒബ്രിയാൻ, സുഖേന്ദു ശേഖർ റോയ്, കല്യാൺ ബാനർജി, സൗഗത റോയ്, ഡോല സെൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തിയത്.

കഴിഞ്ഞ ദിവസം തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സായോണി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പൊതുയോഗം അലങ്കോലപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു നടപടി. ചോദ്യംചെയ്യുന്നതിനായി സായോണിയെ അഗർത്തലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ ബിജെപിയുടെ ഗുണ്ടകൾ ആക്രമിച്ചതായി തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. എംപി സുസ്മിത ദേവ്, കുനാൽ ഘോഷ്, സുബൽ ഭൗമിക് എന്നിവരുൾപ്പെടെയുള്ള മറ്റ് പാർട്ടി നേതാക്കളും സായോണി ഘോഷിനൊപ്പം ഉണ്ടായിരുന്നു. ഈസ്റ്റ് അഗർത്തല വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ചാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ടതെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. അക്രമത്തിൽ ആറ് അനുയായികൾക്ക് പരിക്കേറ്റതായി പാർട്ടി അറിയിച്ചു.

ആളുകള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കി, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സായോണിക്കെതിരെ ചുമത്തിയത്. എന്നാല്‍ സായോണി ആരെയാണ് വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്‍റെ പൊതുപരിപാടിക്കിടെ 'കളി തുടങ്ങി'യെന്ന് (ഖേലാ ഹോബെ) സായോണി മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ തൃണമൂല്‍ മുഴക്കിയ മുദ്രാവാക്യമാണിത്.

TAGS :

Next Story