വിലക്കയറ്റ ചർച്ചക്കിടെ രണ്ട് ലക്ഷത്തിൻറെ ബാഗ് ഒളിപ്പിച്ചോ? മഹുവ മൊയ്ത്രക്ക് മറുപടിയുണ്ട്
ലോക്‌സഭയിൽ വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്ന അവസരത്തിൽ വിലപിടിപ്പുള്ള ലൂയിസ് വിറ്റൺ ബാഗ് മഹുവ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രീതിയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും ഹിന്ദുത്വ ശക്തികളെയും പാര്‍ലമെന്‍റില്‍ നിശിതമായി വിമര്‍ശിച്ച് കയ്യടി നേടാറുള്ള അംഗമാണ് പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മഹുവയുടെ തീപ്പൊരി പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലാണ്. എന്നാല്‍, ലോക്സഭയിൽനിന്നുള്ളൊരു വീഡിയോ തീവ്ര വലതുപക്ഷ പ്രൊഫൈലുകള്‍ മഹുവയ്ക്കെതിരെ വ്യാപകമായി ഉപയോഗിക്കുകയാണിപ്പോള്‍. വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്ന അവസരത്തിൽ തന്‍റെ രണ്ട് ലക്ഷം രൂപ വിലവരുന്ന ലൂയിസ് വിറ്റൺ ബാഗ് മഹുവ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രീതിയിലാണ് ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിവാദം കനത്തതോടെ മറുപടിയുമായി മഹുവ തന്നെ രംഗത്തെത്തി.
"ബാഗുമായാണ് വന്നത്, ബാഗുമായിത്തന്നെ മുന്നോട്ട് പോകും" എന്നാണ് മഹുവ ട്വീറ്റ് ചെയ്തത്. ബാഗുമായുള്ള ചില ഫോട്ടോകളും മഹുവ പങ്കുവെച്ചിട്ടുണ്ട്. 2016ല്‍ യു.പിയിലെ മൊറാദാബാദില്‍ നടന്ന റാലിക്കിടെ നരേന്ദ്രമോദി നടത്തിയ സമാന പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടാണ് മഹുവയുടെ പ്രതികരണം.
തൃണമൂൽ കോൺഗ്രസിന്റെ കക്കോലി ഘോഷ് ദസ്തിദാർ ലോക്‌സഭയിൽ സംസാരിക്കുന്നതും മൊയ്ത്ര അവരുടെ തൊട്ടടുത്ത് ഇരിക്കുന്നതുമാണ് വൈറലായ വീഡിയോയിലുള്ളത്. വിലക്കയറ്റത്തിന്റെ പ്രശ്നം ദസ്തിദാർ ഉന്നയിച്ചയുടനെ മൊയ്ത്ര, തന്റെ ലൂയിസ് വിറ്റൺ ബാഗ് മേശയ്ക്കടിയിലേക്ക് തള്ളി. "മെഹെംഗായി- വിലക്കയറ്റം, എന്ന വിഷയം ഉയർന്നുവരുമ്പോൾ, ഒരാളുടെ ലൂയിസ് വിറ്റൺ ബാഗ് പെട്ടെന്ന് ബെഞ്ചിനടിയിലേക്ക് തെന്നിമാറുന്നു," എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. നിമിഷങ്ങള്‍ക്കകം ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
Adjust Story Font
16