Quantcast

സന്ദേശ്ഖാലി കേസ്; ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

നോർത്ത് 24 പർഗാനാസിൽ നിന്നാണ് ബംഗാൾ പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2024-02-29 02:54:04.0

Published:

29 Feb 2024 2:46 AM GMT

Shahjahan Sheikh
X

ഷാജഹാന്‍ ഷെയ്ഖ്

കൊല്‍ക്കത്ത: സന്ദേശ്ഖാലി അതിക്രമത്തിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ. നോർത്ത് 24 പർഗാനാസിൽ നിന്നാണ് ബംഗാൾ പൊലീസ് പിടികൂടിയത്. ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് നൽകിയ പരാതികളിലാണ് അറസ്റ്റ്. കഴിഞ്ഞ 55 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു.

53 കാരനായ തൃണമൂൽ നേതാവിനെ നോർത്ത് 24 പർഗാനാസിലെ മിനാഖാൻ പ്രദേശത്ത് നിന്ന് പിടികൂടിയിട്ടുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും മുതിർന്ന പൊലീസ് ഓഫീസർ അമിനുൽ ഇസ്‍ലാം ഖാൻ പറഞ്ഞു. തൃണമൂൽ നേതാവിനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തിയതിന് കല്‍ക്കട്ട ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു. ഖാനെ സിബിഐക്കും ഇഡിക്കും അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.തുടര്‍ന്ന് മൂന്നുദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിൻ്റെ അനുയായികളും ഭൂമി തട്ടിയെടുക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന് സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകൾ ആരോപിച്ചിരുന്നു.ഷെയ്‌ഖിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി പ്രദേശവാസികള്‍ സമരത്തിലായിരുന്നു.

ബി.ജെ.പിയുടെ തുടർച്ചയായ പ്രക്ഷോഭം കാരണം മമതാ ബാനർജി സർക്കാർ നടപടിയെടുക്കാൻ നിർബന്ധിതരായെന്ന് അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ച പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സുവേന്ദു അധികാരി പറഞ്ഞു. "സർക്കാർ നിഷേധാത്മക രീതിയിലായിരുന്നു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് നിലപാടിലായിരുന്നു അവര്‍. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ സർക്കാരിനെ നിർബന്ധിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്ന. ഇന്ന്, ബി.ജെ.പിയുടെയും സന്ദേശ്ഖാലിയിലെ സ്ത്രീകളുടെയും പ്രക്ഷോഭം കാരണം, സർക്കാരും മമതാ ബാനർജിയും ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ നിർബന്ധിതരായി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഴിമതി കേസുമായി ബന്ധപ്പെട്ട് ഷാജഹാന്‍റെ സ്ഥാപനങ്ങൾ പരിശോധിക്കാൻ പോയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരെ ഇയാളുമായി ബന്ധമുള്ള സംഘം ആക്രമിച്ചതിന് പിന്നാലെ ജനുവരി 5 മുതൽ ഖാന്‍ ഒളിവിലായിരുന്നു. തൃണമൂൽ നേതാവിനും കൂട്ടാളികൾക്കും എതിരെ ആദിവാസി കുടുംബങ്ങളിൽ നിന്ന് ലൈംഗിക പീഡനത്തിനും ഭൂമി കൈയേറ്റത്തിനും 50 പരാതികൾ ദേശീയ പട്ടികവർഗ കമ്മീഷനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭൂപ്രശ്നവുമായി ബന്ധപ്പെട്ട 400 പരാതികൾ ഉൾപ്പെടെ 1,250 പരാതികൾ ലഭിച്ചതായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.ഷാജഹാനെതിരായ കേസ് മാർച്ച് നാലിന് ഹൈക്കോടതി പരിഗണിക്കും.

TAGS :

Next Story