ഓഫീസുകള്‍ തീയിട്ടു, കാറുകള്‍ കത്തിച്ചു; ത്രിപുരയില്‍ സി.പി.എമ്മിനെതിരെ അക്രമം അഴിച്ചുവിട്ട് ബി.ജെ.പി
പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി
ത്രിപുരയില്‍ സി.പി.എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അഗര്‍ത്തലയിലുള്ള പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചു. ഓഫീസിനുള്ളിലെ ഫര്‍ണിച്ചറുകളും തകര്‍ത്തിട്ടുണ്ട്.
സി.പി.എം നേതാവ് പാർത്ഥപ്രതീം മജുംദാറിന്‍റെ വീടും അക്രമികള്‍ തകര്‍ത്തു. ഫര്‍ണിച്ചറുകളും ജനാലകളും അക്രമികള്‍ തകര്‍ത്ത നിലയിലാണ്. വീടിനു പുറത്ത് ചെടിച്ചട്ടികളും മറ്റും വലിച്ചെറിഞ്ഞിട്ടുണ്ട്. സി.പി.എമ്മിന്‍റെ ബിഷാല്‍ഗഡ് ഓഫീസിന് ബി.ജെ.പി പ്രവര്‍ത്തകര്‍ തീയിട്ടു. പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്ന് സി.പി.എം പറഞ്ഞു. ഈ ഭീരുത്വ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സി.പി.എം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ജയ് ശ്രീറാം എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടു ത്രിപുര വെസ്റ്റ് ജില്ലാ ഓഫീസ് ആക്രമിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാം. അക്രമം നടക്കുമ്പോള്‍ ബി.ജെ.പി നേതൃത്വം മൌനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. ഉച്ചത്തില്‍ ഉയരുന്ന ശബ്ദങ്ങളെ ബി.ജെ.പി ഭയക്കുന്നുവെന്നും അതുകൊണ്ടാണ് അക്രമം അഴിച്ചുവിടുന്നതെന്നും സി.പി.എം പറയുന്നു.
സി.പി.എമ്മിനെ അടിച്ചമർത്തുന്നതിനും നിശബ്ദമാക്കുന്നതിനുമുള്ള ഒരു ഫാഷിസ്റ്റ് ആക്രമണമാണിതെന്നും ഇതൊരിക്കലും വിജയിക്കില്ലെന്നും സി.പി.എം വ്യക്തമാക്കി. ആക്രമണത്തെ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
CPI(M) strongly condemns planned orchestrated attacks on party offices across Tripura by BJP mobs. They even entered the State office and destroyed furniture. This is a fascistic attack on the main opposition in Tripura to browbeat and silence the CPI(M). They will not succeed pic.twitter.com/U6JYLqIXlr
— CPI (M) (@cpimspeak) September 8, 2021
കഴിഞ്ഞ ദിവസം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. രണ്ടിടത്ത് വാഹനം തടഞ്ഞ ബി.ജെ.പിക്കാരെ സി.പി.എം പ്രവര്‍ത്തകര്‍ ചെറുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായാണ് അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടതെന്ന് സി.പി.എം ആരോപിക്കുന്നു.
Adjust Story Font
16