പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തി; ടി.എം.സി നേതാവ് അഭിഷേക് ബാനര്‍ജിക്കെതിരെ എഫ്.ഐ.ആര്‍
ബംഗാൾ മന്ത്രി ബ്രാത്യ ബസു, പാർട്ടി വക്താവ് കുനാൽ ഘോഷ് എന്നിവർക്കെതിരെയും ത്രിപുര പൊലീസ് കേസെടുത്തിട്ടുണ്ട്
പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ അഭിഷേക് ബാനര്‍ജി, ഡോല സെന്‍ എന്നിവര്‍ക്കെതിരെ ത്രിപുര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
മമതാ ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിക്ക് പുറമെ ബംഗാൾ മന്ത്രി ബ്രാത്യ ബസു, പാർട്ടി വക്താവ് കുനാൽ ഘോഷ് എന്നിവർക്കെതിരെയും ത്രിപുര പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 14 ടി.എം.സി പ്രവർത്തകര്‍ അറസ്റ്റിലായതിനെ തുടർന്ന് മന്ത്രി ബ്രാത്യ ബസു, എം.പി ഡോല സെൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം പാർട്ടി പ്രവർത്തകർ ഖോവായ് പൊലീസ് സ്റ്റേഷനിൽ എത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു. തുടര്‍ന്ന് അഭിഷേക് ബാനര്‍ജിയും സ്റ്റേഷനിലെത്തി. ടി.എം.സി നേതാക്കളുടെ സംഘം അഡീഷണൽ എസ്.പിയോടും മറ്റു പൊലീസ് ഉദ്യോഗസ്ഥരോടും മോശമായി പെരുമാറുകയും അവരോട് ആക്രോശിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. അഡീഷണൽ എസ്.പിയോടും എസ്.ഡി.പി.ഒയോടും മോശമായി പെരുമാറിയതിനും ഡ്യൂട്ടി നിർവഹിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടഞ്ഞതിനും ടി.എം.സിയിലെ ഉന്നത നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച, ത്രിപുരയിലെ വ്യത്യസ്ത സംഭവങ്ങളിലായി അഭിഷേക് ബാനർജിയും ടി.എം.സി പ്രവർത്തകരും ആക്രമിക്കപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ ആക്രമണങ്ങള്‍ നടന്നതെന്നും ഇതു തങ്ങളെ തളര്‍ത്തില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്.
Adjust Story Font
16