Quantcast

അഗ്നിപഥിൽ ചേരുന്നോ? റിക്രൂട്ട്‌മെന്റ് തിയതികൾ പ്രഖ്യാപിച്ച് സേനകൾ

കരസേനാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും പരിശീലനം രണ്ട് ഘട്ടമായി നടക്കുമെന്നും അധികൃതർ

MediaOne Logo

Web Desk

  • Updated:

    2022-06-19 11:35:32.0

Published:

19 Jun 2022 10:18 AM GMT

അഗ്നിപഥിൽ ചേരുന്നോ? റിക്രൂട്ട്‌മെന്റ് തിയതികൾ പ്രഖ്യാപിച്ച് സേനകൾ
X

ന്യൂഡൽഹി: രാജ്യമെങ്ങും അഗ്നിപഥിനെതിരെ ഉദ്യോഗാർഥികളുടെ പ്രതിഷേധം നടക്കവേ പദ്ധതിപ്രകാരമുള്ള റിക്രൂട്ട്‌മെന്റ് തിയതികൾ പ്രഖ്യാപിച്ച് സേനകൾ. പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ പ്രതിരോധ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കരസേന, നാവിക സേന, വ്യോമസേന എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിവരങ്ങൾ അറിയിച്ചത്.

കരസേനാ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കുമെന്നും പരിശീലനം രണ്ട് ഘട്ടമായി നടക്കുമെന്നും അധികൃതർ അറിയിച്ചു. ആദ്യ ഘട്ട പരിശീലനം ഡിസംബർ ആദ്യത്തിലും രണ്ടാംഘട്ടം ജനുവരി 23നും നടക്കുമെന്നും പറഞ്ഞു. കരസേനയിൽ റിക്രൂട്ട്‌മെന്റ് ആഗസ്റ്റ് പകുതിക്ക് ശേഷം നടക്കുമെന്നും അതിന്റെ രജിസ്‌ട്രേഷൻ ജൂൺ 24 മുതൽ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും ആദ്യത്തെ ബാച്ചിന്റെ പ്രവേശനം ഡിസംബറിൽ നടക്കുമെന്നും വ്യക്തമാക്കി. പരിശീലനം ഡിസംബർ 30 നകം ആരംഭിക്കുമെന്നും പറഞ്ഞു.

അഗ്‌നിപഥ് നടപടികൾ ജൂൺ 24 ന് ആരംഭിക്കുമെന്നും ആദ്യ ഘട്ട ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടക്കുമെന്നും എയർഫോഴ്‌സ് വക്താവ് അറിയിച്ചു. ആദ്യബാച്ചിന്റെ ട്രെയ്‌നിങ് ഡിസംബർ 30 ന് തുടങ്ങുമെന്നും അഗ്‌നിവീറായി വനിതകൾക്ക് അവസരം നൽകുമെന്നും പറഞ്ഞു.

നാവികസേനയും അഗ്‌നിപഥ് നടപടികളിലേക്ക് നീങ്ങുകയാണ്. ഈ മാസം 25ന് റിക്രൂട്ട്‌മെന്റ് പരസ്യം പ്രസിദ്ധീകരിക്കും. നാവികസേനയിലേക്കുള്ള ഓൺലൈൻ പരീക്ഷ ഒരുമാസത്തിനകം നടക്കും. നവംബർ 21ന് ആദ്യ ബാച്ച് പരിശീലനം തുടങ്ങും- അധികൃതർ അറിയിച്ചു. അതേസമയം, ഏതെങ്കിലും കേസിൽ പ്രതിയായവർക്ക്‌ അഗ്നിപഥിൽ ഇടമുണ്ടാകില്ലെന്നും എഫ്.ഐ.ആറിൽ പേരുള്ളവരെ ഒഴിവാക്കുമെന്നും ലെഫ്.ജനറൽ അനിൽ പുരി അറിയിച്ചു. അച്ചടക്കം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഗ്‌നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതൽ പദ്ധതിയെപ്പറ്റി ചർച്ച നടക്കുന്നുണ്ടന്നും പ്രതിരോധമന്ത്രാലയ അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൈനിക പരിഷ്‌കാരത്തിന്റെ ഭാഗമായി 33 വർഷമായി പദ്ധതി ചർച്ചയിലുണ്ടെന്നും സൈനിക കാര്യ വകുപ്പ് അഡീ.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു. ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പ്രകാരം സേനയിലെത്തുന്ന അഗ്‌നിവീരർക്ക് കാന്റീൻ ഇളവുകൾ ലഭിക്കുമെന്നും ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

17,600 സൈനികർ ഓരോ വർഷവും വിരമിക്കുന്നുണ്ടെന്നും വിരമിക്കുന്നവർ എന്ത് ചെയ്യുന്നതായി ആരും ചോദിക്കാറില്ലെന്നും അനിൽ പുരി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ആദ്യഘട്ടത്തിൽ മാത്രമാണ് 46,000 പേരെ എടുക്കുന്നതെന്നും പടിപടിയായി എണ്ണം വർധിപ്പിച്ചു 1.25 ലക്ഷം വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഗ്നിപഥ് സ്കീമിലേക്കുള്ള ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുക. മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ആദ്യം വര്‍ഷം 30,000 രൂപയും രണ്ടാമത്തെ വര്‍ഷം 33,000 രൂപയും മൂന്നാമത്തെ വര്‍ഷം 36,500 രൂപയും നാലാമത്തെ വര്‍ഷം 40,000 രൂപയുമാണ് ശമ്പളം. പ്രതിവർഷം 30 ദിവസത്തെ വാർഷിക അവധിക്ക് അര്‍ഹതയുണ്ടാകും. അസാധാരണമായ സാഹചര്യത്തിലൊഴികെ, റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വന്തം നിലയില്‍ സേവനം മതിയാക്കി തിരിച്ചുപോകാനാവില്ല. സർക്കാരിന്‍റെ വിവേചനാധികാര പ്രകാരം നാല് വർഷത്തെ കാലയളവ് അവസാനിക്കുമ്പോൾ ദീര്‍ഘകാല സേവനത്തിലേക്ക് പരിഗണിച്ചേക്കാം.

13 ലക്ഷത്തോളം വരുന്ന സായുധ സേനയെ കാര്യക്ഷമമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. സേനയ്ക്ക് യുവത്വം നല്‍കുന്ന സ്കീം ആണ് അഗ്നിപഥെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. എന്നാല്‍ നാലു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല.

ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അഗ്നിവീര്‍മാരുടെ തൊഴിൽ സുരക്ഷയാണ് പ്രതിഷേധക്കാര്‍ ചോദ്യംചെയ്യുന്നത്. ഇതിന് മറുപടിയായിട്ടാണ് കേന്ദ്ര -സംസ്ഥാന പൊലീസ് മുതൽ അസം റൈഫിൾസിൽ വരെ തൊഴിൽ സംവരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകുന്നത്. കാലാവധി പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്ക് ലഭിക്കുന്ന 12 ലക്ഷത്തിനടുത്ത തുക ആകര്‍ഷകമല്ലെന്നും സ്ഥിരം ജോലിയാണ് വേണ്ടതെന്നും പ്രതിഷേധിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

കർഷക സമരം ആളിക്കത്തിയപ്പോൾ പോലും ട്രെയിനിന് തീയിടുന്നത് പോലുള്ള അക്രമാസക്തമായ രീതിയിലേക്ക് സമരം വഴുതി വീണിരുന്നില്ല. പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ, സമാധാനപരമായി സമരം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യുവാക്കളെ ഉപദേശിക്കുന്നുണ്ട്. പിടിയിലായ യുവാക്കളുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

എന്താണ് അഗ്നിപഥ്?

സൈന്യത്തിൽ കൂടുതൽ യുവതീ, യുവാക്കളെ ഉൾപ്പെടുത്താനുള്ള അഗ്‌നിപഥ് പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളിൽ പ്രതിവർഷം 45,000 യുവാക്കളെ പദ്ധതി പ്രകാരം നിയമിക്കും. രാജ്യത്തിന്റെ സൈന്യത്തിന് യുവത്വം നൽകുന്നതാണ് കേന്ദ്രതീരുമാനമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. യുവാക്കൾ വരുന്നത് സേനകളെ ചെറുപ്പമാകാൻ വഴിയൊരുക്കുമെന്നും ആരോഗ്യ, ശാരീരിക ക്ഷമതയിൽ മുന്നിലുള്ള യുവാക്കളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും സേനാ മേധാവികൾ അഭിപ്രായപ്പെട്ടു.

പദ്ധതി ഇങ്ങനെ-

  • സേവന കാലാവധി 4 വർഷം. നിയമനം 17.5 - 21 വയസ്സു വരെയുള്ളവർക്ക്.
  • സ്ഥിര നിയമനങ്ങളിലേതു പോലെ ആരോഗ്യ, ശാരീരിക ക്ഷമത പരിശോധിക്കുന്ന റിക്രൂട്‌മെൻറ് റാലികളിലൂടെയായിരിക്കും നിയമനം.
  • 10, 12 ക്ലാസ് പാസായവർക്കു റാലിയിൽ പങ്കെടുക്കാം.
  • പെൻഷനില്ല. ആദ്യ വർഷം ശമ്പളം പ്രതിവർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. അതായത് പ്രതിമാസം 30,000 മുതൽ 40,000 വരെ ശമ്പളം. സേനകളിലെ സ്ഥിര നിയമനക്കാർക്കുള്ളതിനു സമാനമായ റിസ്‌ക് അലവൻസ് ലഭിക്കും.
  • പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യമായ തുക കേന്ദ്ര സർക്കാരും അടയ്ക്കും. സേവന കാലാവധി പൂർത്തിയാക്കുമ്പോൾ ഇപിഎഫ് കൂടി ചേർത്ത് 11.71 ലക്ഷം രൂപയുടെ സേവാ നിധി തുക ലഭിക്കും.
  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ആഴ്ച മുതൽ 6 മാസം വരെ പരിശീലനം.
  • 10ാം ക്ലാസ് പാസായവർക്കു സേവന കാലാവധി പൂർത്തിയാകുമ്പോൾ 12ാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകും.
  • സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ്. സേവനത്തിൽ ബാക്കിയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും അടുത്ത കുടുംബാംഗത്തിനു നൽകും.
  • സേവനത്തിനിടെ പരിക്കേറ്റാൽ 44 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം. സേവന കാലയളവിലെ ബാക്കി ശമ്പളവും സേവാ നിധിയും ലഭിക്കും.
  • സേവന കാലയളവിൽ മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് 4 വർഷത്തിനു ശേഷം നിയമനം നീട്ടി നൽകും. 15 വർഷത്തേക്കാണ് നിയമനം. അടുത്ത വർഷം ജൂലൈയിൽ ആദ്യ ബാച്ച് പുറത്തിറങ്ങും.



Troops announcing recruitment dates on Agnipath

TAGS :

Next Story