തുരങ്കത്തില്‍ നിന്നും രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ വൈദ്യ പരിശോധന ഇന്ന് പൂർത്തിയാകും
രക്ഷാപ്രവർത്തനത്തിന് എത്തിച്ച യന്ത്രസാമഗ്രികൾ സിൽക്യാരയിൽ നിന്ന് ഇന്നു നീക്കം ചെയ്യും
രക്ഷപ്പെടുത്തിയ തൊഴിലാളികളെ സ്വീകരിക്കുന്നു
ഉത്തരകാശി: ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവർത്തനം ചരിത്രമെന്ന് രാജ്യം. തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ വൈദ്യ പരിശോധന ഇന്ന് പൂർത്തിയാകും. രക്ഷാപ്രവർത്തനത്തിന് എത്തിച്ച യന്ത്രസാമഗ്രികൾ സിൽക്യാരയിൽ നിന്ന് ഇന്നു നീക്കം ചെയ്യും.
17 ദിവസത്തെ കഠിനാധ്വാനം വേണ്ടിവന്നു തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെയും പുറത്തെത്തിക്കാൻ. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ രക്ഷാപ്രവർത്തനം വിജയകരമായി പര്യവസാനിച്ചതിന്‍റെ ആഹ്ളാദത്തിലാണ് രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തനത്തിനായി ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ എത്തിച്ച ഉപകരണങ്ങൾ ഇന്ന് മടക്കി നൽകും. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചാണ് കഴിഞ്ഞ 17 ദിവസം രക്ഷാപ്രവർത്തനം ഉത്തരാഖണ്ഡിൽ പുരോഗമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 തൊഴിലാളികളുടെയും ആരോഗ്യനില തൃപ്തികരം എന്നാണ് ആരോഗ്യവൃത്തങ്ങൾ അറിയിക്കുന്നത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് തന്നെ തൊഴിലാളികൾക്ക് കുടുംബത്തിനൊപ്പം വീടുകളിലേക്ക് മടങ്ങാൻ സാധിക്കും.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള തൊഴിലാളികളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാൻ എയർ ലിഫ്‌റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഭാഗമായ മന്ത്രിമാർ ഇന്ന് ആശുപത്രികളിൽ എത്തി തൊഴിലാളികളെ സന്ദർശിച്ചേക്കും. തുരങ്കത്തിൽ നിന്ന് 17 ദിവസങ്ങൾക്ക് ശേഷം പുറംലോകത്ത് എത്തിയ തൊഴിലാളികൾക്ക് ആവശ്യമായ മാനസികാരോഗ്യ സഹായം നൽകുന്നതിന് പ്രത്യേക സംഘത്തിനും ഉത്തരാഖണ്ഡ് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഇവർ ഇന്ന് തൊഴിലാളികൾക്ക് കൗൺസിലിംഗ് നൽകും. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് അനുമോദനം അർപ്പിക്കാൻ ഉള്ള നീക്കത്തിലാണ് ഉത്തരാഖണ്ഡ് സർക്കാർ. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും ഉത്തരാഖണ്ഡ് സർക്കാർ ഒരുങ്ങുന്നുണ്ട്.
Adjust Story Font
16