ക്വിറ്റ് ഇന്ത്യാ ജാഥയ്ക്ക് മുന്‍പ് തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു; ടീസ്റ്റയെ വീട്ടുതടങ്കലിലാക്കി
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിതാ ക്വിറ്റ് ഇന്ത്യ ദിനം ആചരിക്കാന്‍ പുറപ്പെട്ടതിന് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി
മുംബൈ: ക്വിറ്റ് ഇന്ത്യ ജാഥയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. സാന്റാക്രൂസ് പോലീസാണ് തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. സംഭവം പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ ചര്‍ച്ചയായതിനു പിന്നാലെ വിട്ടയച്ചു.
"സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിതാ ക്വിറ്റ് ഇന്ത്യ ദിനം ആചരിക്കാന്‍ പുറപ്പെട്ടതിന് എന്നെ കസ്റ്റഡിയിലെടുത്തിരിക്കുന്നു. ചരിത്രത്തിലെ ഈ ദിനത്തിൽ ബാപ്പു ഉള്‍പ്പെടെയുള്ളവരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെയോർത്ത് ഞാൻ അഭിമാനിക്കുന്നു" - തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇതേ പരിപാടിയില്‍ പങ്കെടുക്കാനിരുന്ന തന്നെ വീട്ടുതടങ്കലിലാക്കിയതായി ആക്റ്റിവിസ്റ്റ് ടീസ്റ്റ സെതൽവാദ് ട്വീറ്റ് ചെയ്തു. മുംബൈ ജൂഹുവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് ടീസ്റ്റ പറഞ്ഞു. ഇരുപതോളം പൊലീസുകാർ തന്‍റെ വീട് വളഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്രയിൽ നടക്കുന്നത് പൊലീസ് രാജാണെന്ന് ടീസ്റ്റ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്ര സർക്കാർ സ്വാതന്ത്ര്യ സമര ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ക്വിറ്റ് ഇന്ത്യയുടെ 81-ാം വാർഷിക ദിനാചരണത്തിനിടെ ജാഥ നടത്താൻ തീരുമാനിച്ചത്. പരിപാടി തടയാന്‍ നിരവധി ആക്റ്റിവിസ്റ്റുകളെ കരുതല്‍ തടങ്കലിലാക്കിയെന്ന് ആരോപണമുണ്ട്.
Adjust Story Font
16