ആജ് തക് വാര്‍ത്താ ചാനല്‍ അവതാരകൻ സുധീര്‍ ചൗധരി ഡിഡി ന്യൂസിലേക്ക്; 14 കോടി രൂപയുടെ വാര്‍ഷിക പാക്കേജ്
ആജ് തക്കിൽ രാത്രി 9നും 10നും ഇടയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ബ്ലാക്ക് & വൈറ്റ്' ഷോയുടെ അവതാരകനാണ് സുധീർ ചൗധരി

ഡൽഹി: ഹിന്ദി വാര്‍ത്താ ചാനലായ ആജ് തകിന്‍റെ പ്രൈം ടൈം അവതാരകന്‍ സുധീര്‍ ചൗധരി പ്രസാര്‍ ഭാരതിയുടെ കീഴിലുള്ള ദേശീയ ചാനല്‍ ഡിഡി ന്യൂസിലേക്ക്. ഈ വര്‍ഷം ഏപ്രിലിൽ ചാനലിൽ ചേരുമെന്ന് ഫ്രീ പ്രസ് ജേര്‍ണൽ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 കോടി രൂപയാണ് ചൗധരിയുടെ വാര്‍ഷിക പാക്കേജെന്നാണ് റിപ്പോര്‍ട്ട്.
ആജ് തക്കിൽ രാത്രി 9നും 10നും ഇടയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ബ്ലാക്ക് & വൈറ്റ്' ഷോയുടെ അവതാരകനാണ് സുധീർ ചൗധരി. "എൻ്റെ വൃത്തങ്ങൾ പറയുന്നത് പ്രകാരം സുധീർ ചൗധരി ഈ വർഷം ഏപ്രിൽ മുതൽ ഡിഡി ന്യൂസിൽ ചേരുന്നു. നികുതിദായകരുടെ പണത്തിൽ നിന്നാണ് എക്കാലത്തെയും ജിഹാദികളുടെ മാതാവായ ഒരാൾക്ക് വൻതുക നൽകുന്നത്'' പത്രപ്രവര്‍ത്തകയായ ശ്രുതി ശര്‍മ എക്സിൽ കുറിച്ചു.
മുൻ സീ മീഡിയ എഡിറ്റർ ഇൻ ചീഫും സിഇഒയുമായ സുധീർ ചൗധരി 2022 ജൂണിൽ സീ വിടുകയും തൊട്ടടുത്ത മാസം ആജ് തക്കിൽ കൺസൾട്ടിംഗ് എഡിറ്ററായി ചേരുകയും ചെയ്തു.അവതാരകനെന്ന നിലയിൽ സുധീർ ചൗധരിയുടെ കരിയർ നിരവധി വിവാദങ്ങളാൽ സമ്പന്നമാണ്. 2023 സെപ്തംബറിൽ ഒരു ഷോയിലൂടെ 'സാമുദായിക സൗഹാർദം തകർക്കാൻ ഗൂഢാലോചന നടത്തിയതിന് ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു. ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാരായ തൊഴിൽ രഹിതർക്ക് കൊമേഴ്സ്യൽ വാഹനങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതിയിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ലെന്നാണ് ആജ്തക് വാർത്ത നൽകിയത്. പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വികസന കോർപറേഷൻ നൽകിയ പത്ര പരസ്യം പ്രദർശിപ്പിച്ചായിരുന്നു സുധീർ ചൗധരി ഇത്തരമൊരു ആരോപണമുന്നയിച്ചത്. ‘നിങ്ങൾ പാവങ്ങളാണെങ്കിലും ഹിന്ദുക്കളല്ലെങ്കിൽ സബ്സിഡി കിട്ടില്ല. മുസ്‍ലിം, സിഖ്, ബുദ്ധ മതക്കാർക്ക് വാഹനം വാങ്ങാൻ സബ്സിഡി ലഭിക്കും’ എന്നായിരുന്നു സുധീർ ചൗധരി വാർത്താവതരണത്തിൽ വാദിച്ചത്.
ആദിവാസി സമൂഹത്തിനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ജാർഖണ്ഡിൽ സുധീറിനെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് കേസിൽ ഇളവ് അനുവദിക്കുകയായിരുന്നു. സീ ന്യൂസിലായിരിക്കെ മുസ്‍ലിം വിരുദ്ധ പരിപാടി സംപ്രേഷണം ചെയ്തുവെന്ന പരാതിയില്‍ കേരളത്തിലും കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് 11 ന് സീ ന്യൂസ് സംപ്രേഷണം ചെയ്ത ഡിഎന്‍എ എന്ന പരിപാടി മതസ്പര്‍ദ വളര്‍ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നുമായിരുന്നു പരാതി. എഐവൈഎഫ് നേതാവായ ഗവാസ് നല്‍കിയ പരാതി പരിഗണിച്ച കോഴിക്കോട് കസബ പൊലീസ് സുധീര്‍ ചൗധരിക്കെതിരെ ഐപിസി 195 എ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയിലെ മുസ് ലിങ്ങള്‍ സാമ്പത്തിക രംഗത്തും മാധ്യമ രംഗത്തും വിദ്യാഭ്യാസ രംഗത്തും ജിഹാദ് നടത്തുന്നുവെന്ന സുധീര്‍ ചൌധരി അവതരിപ്പിച്ച പരിപാടിയില്‍ പരാമര്‍ശിക്കുന്നതായും ഇതിലൂടെ ചാനലും അവതാരകനും ഒരു വിഭാഗത്തിനെതിരെ പക ജനിപ്പിക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
സുധീർ ചൗധരി ഡിഡി ന്യൂസിൽ ചേരുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഡിഡി ന്യൂസിനെ ഒരു സ്വകാര്യ വാർത്താ ചാനലാക്കി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തിരികൊളുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ഡിഡി ന്യൂസിന്‍റെ ചുവപ്പ് നിറത്തിലുള്ള ലോഗോ മാറ്റി കാവി നിറത്തിലുള്ള ലോഗോ ആക്കിയിരുന്നു. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവിനിറത്തിലാക്കിയിരുന്നു. ‘മൂല്യങ്ങൾ പഴയതു തന്നെയെങ്കിലും പുതിയ രൂപത്തിൽ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാർത്താ യാത്രയ്ക്കു തയാറെടുക്കൂ' എന്ന അടിക്കുറിപ്പോടെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചത്.
Adjust Story Font
16