ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു: പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം ബഷീർ അഹമ്മദ് ജയിൽ മോചിതനായി
തീവ്രവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തിയാണ് ബഷീര്‍ അഹമ്മദിനെ പിടികൂടിയത്
തീവ്രവാദ കുറ്റം ചുമത്തപ്പെട്ട് പന്ത്രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം കശ്മീർ സ്വദേശി ബഷീർ അഹമ്മദ് ബാബക്ക് മോചനം. തീവ്രവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തിയാണ് ഗുജറാത്തിൽ വെച്ച് ബഷീർ അഹമ്മദിനെ തടവിലാക്കുന്നത്. കേസ് തള്ളിയ ഗുജറാത്ത് സൂരത്ത് കോടതി ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.
ജോലിയാവശ്യാർഥം സുഹൃത്തിനൊപ്പം 2010ലാണ് ശ്രീനഗർ സ്വദേശി ബഷീർ അഹമ്മദ് ബാബ ഗുജറാത്തിൽ എത്തുന്നത്. കമ്പ്യൂട്ടർ ട്രെയിനിങ്ങിനായി കമ്പനി പറഞ്ഞയച്ചതായിരുന്നു ഇവരെ. എന്നാല്‍ അഹമ്മദാബാദിലെ ഹോസ്റ്റലില്‍ വെച്ച് ഇരുവരെയും ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പിടികൂടുകയായിരുന്നു. കൂടെയുള്ള സുഹൃത്ത് കശ്മീർ സ്വദേശിയല്ലാത്തതിനാൽ വെറുതെ വിടുകയായിരുന്നുവെന്നും ബഷീർ ബാബ 'ദ വയറി'നോട് പറഞ്ഞു.
എ.ടി.എസ് പിടകൂടിയതിന് ശേഷം രണ്ടാഴച്ചയോളം ചോദ്യം ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്തിനാണ് പിടിച്ചുകൊണ്ട് വന്നതെന്നും തന്നോട് പറഞ്ഞില്ല. എന്നാൽ കുറ്റസമ്മതം നടത്താൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നതായും ബഷീർ അഹമ്മദ് അഹമ്മദ് പറഞ്ഞു.
രണ്ടാഴ്ച്ചക്ക് ശേഷം എ.ടി.എസ് അറസ്റ്റ് ചെയ്ത് വഡോദര ജയിലിലടച്ചു. എന്നാൽ ഞാൻ പ്രതീക്ഷ കൈവിട്ടില്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തില്ലെന്ന് ബോധ്യമുണ്ടായിരുന്നു. എന്തായാലും താൻ പുറത്ത് വരുമെന്നും എന്നാൽ അതിന് ഇത്ര കാലം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ബഷീർ അഹമ്മദ് ബാബ പറഞ്ഞു.
തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു ബഷീർ അഹമ്മദ് ബോംബ് നിർമാണത്തിലും വിദഗ്ധനായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. സോഫ്റ്റ് ഡ്രീംഗ് ക്യാനുകളിൽ ബോംബ് നിർമിക്കുന്നതിനാൽ ഇദ്ദേഹം 'പെപ്സി ബോംബർ' എന്ന് അറിയപ്പെടുന്നതായി അന്ന് മാധ്യമങ്ങൾ ആരോപിച്ചു. മുപ്പത്തിരണ്ടാം വയസിലാണ് ബഷീർ അഹമ്മദിനെ ഭീകരവിരുദ്ധ സ്ക്വാഡ് പിടിച്ചുകൊണ്ട് പോകുന്നത്.
നിരപരാധിയായ ബഷീർ അഹമ്മദിന് വേണ്ടി കുടുംബം നടത്തിപ്പോന്ന നീണ്ട വർഷത്തെ നിയമയുദ്ധത്തിനാണ് ഇതോടെ അവസാനമായത്. വർഷങ്ങളുടെ നിയമപോരാട്ടം കുടുംബത്തെ മാനസികമായും സാമ്പത്തികമായും തളർത്തിക്കളയുകയുണ്ടായി. കശ്മീരിൽ നിന്നുള്ള ചെറുപ്പക്കാരെ പൊലീസ് കേസിൽ പെടുത്തി പിടിച്ചുകൊണ്ടു പോകുന്നതിനെ കുറിച്ച് കേട്ടിരുന്നെങ്കിലും തനിക്ക് അത് അനുഭവിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ബഷിർ വയറിനോട് പറഞ്ഞു.
പന്ത്രണ്ട് വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് ബഷീർ അഹമ്മദ് ബാബക്ക് ഉമ്മയെ കാണാൻ കഴിഞ്ഞത്. നഷ്ടമായിപ്പോയ ആയുസ്സിനെ കുറിച്ച് തനിക്ക് കുറ്റബോധമില്ലെന്ന് പറഞ്ഞ ബഷീർ അഹമ്മദ്, ഇത് അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാണെന്നും കൂട്ടിച്ചേർത്തു. തടവ് ജീവിതത്തിനിടയിൽ മൂന്ന് മാസ്റ്റർ ബിരുദങ്ങൾ ബഷീർ നേടിയിരുന്നു.
Adjust Story Font
16