Quantcast

പോപുലർ ഫ്രണ്ടിന്റെ സോഷ്യൽ മീഡിയാ പേജുകൾക്ക് പൂട്ടുവീണു; നേതാക്കളുടെ അക്കൗണ്ടുകളും നീക്കി

അറസ്റ്റിലായ പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-29 05:56:55.0

Published:

29 Sep 2022 5:33 AM GMT

പോപുലർ ഫ്രണ്ടിന്റെ സോഷ്യൽ മീഡിയാ പേജുകൾക്ക് പൂട്ടുവീണു; നേതാക്കളുടെ അക്കൗണ്ടുകളും നീക്കി
X

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ട്വിറ്റർ പേജ് നീക്കം ചെയ്‌തു. കേന്ദ്രസർക്കാറിന്റ നിർദേശത്തെ തുടർന്നാണ് നടപടി. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളും നീക്കംചെയ്‌തു. പിഎഫ്ഐ ഒഫീഷ്യൽ എന്ന ട്വിറ്റർ അക്കൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്.

കൂടാതെ, പിഎഫ്ഐയുടെ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ സംഘടനാ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്ഐക്കും അതിന്റ അനുബന്ധ സംഘടനകൾക്കും അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് നടപടി.

നേരത്തെ, ഇത് സംബന്ധിച്ച നീക്കം കേന്ദ്രം ആരംഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രക്കുറിപ്പുകള്‍ ഇറക്കരുതെന്നും നിർദേശമുണ്ടായിരുന്നു. കൂടാതെ, പോപുലർ ഫ്രണ്ടിന്റെയും അനുകൂല സംഘടനകളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

യുപി, കർണാടക, ഗുജറാത്ത്‌ സംസ്ഥാനങ്ങളുടെ ശുപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്, ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു.

TAGS :

Next Story