പുതിയ ഐടി നിയമത്തിലെ നിബന്ധനകൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ
നാല് നിബന്ധനകളാണ് ട്വിറ്ററിന് ഇതുവരെ പാലിക്കാൻ സാധിക്കാത്തത്
പുതുതായി നിലവിൽ വന്ന ഐടി നിയമത്തിലെ നിബന്ധനകൾ പാലിക്കുന്നതിൽ മൈക്രോ ബ്ലോഗിങ് ഭീമനായ ട്വിറ്റർ പരാജയപ്പെട്ടെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ ശീതസമരം നടക്കുന്നതിനിടയിലാണ് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു സത്യവാങ്മൂലം നൽകിയത്.
ഇത്തരത്തിൽ ഐടി നിയമത്തിലെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിന് ലഭിക്കുന്ന ഐടി നിയമത്തിന് കീഴിലുള്ള പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അഭിഭാഷകനായ അമിത് ആചാര്യ നൽകിയ ഹർജിക്കുള്ള മറുപടിയായാണ് കേന്ദ്ര സർക്കാർ സസത്യവാങ്മൂലം നൽകിയത്.
നാല് നിബന്ധനകളാണ് ട്വിറ്ററിന് ഇതുവരെ പാലിക്കാൻ സാധിക്കാത്തത്
1. ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചിട്ടില്ല
2. റെസിഡന്റ് ഗ്രിവൻസ് ഓഫീസറുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്
3. നോഡൽ കോൺട്രാക്റ്റ് ഓഫീസറുടെ പോസ്റ്റും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്
4. കമ്പനിയുടെ ഇന്ത്യയിലെ മേൽവിലാസം ( മെയ് 29, 2021 വരെ ഉണ്ടായിരുന്നു) ഇപ്പോൾ അവരുടെ വെബ്‌സൈറ്റിൽ ലഭ്യമല്ല
നിലവിൽ ട്വിറ്ററിൽ ഇന്ത്യയിൽ നിന്നുള്ള പരാതികൾ പരിഗണിക്കുന്നത് അവരുടെ അമേരിക്കയിലെ ഓഫീസിലാണ്. പുതിയ നിയമനുസരിച്ച് അത് ഇന്ത്യയിൽ തന്നെ വേണം. നിയമത്തിലെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജപ്പെട്ടാൽ ഐടി നിയമത്തിലെ 79(1) വകുപ്പ് പ്രകാരം ട്വിറ്ററിന് ലഭിക്കുന്ന നിയമപരിരക്ഷ ഇല്ലാതാകും.
നിബന്ധനകൾ പാലിക്കാൻ ട്വിറ്ററിന് മൂന്ന് മാസം സമയം നൽകിയിരുന്നു. ആ കാലാവധി മെയ് 26 ന് അവസാനിച്ചിരുന്നു. അതുകൊണ്ട് നിലവിൽ ട്വിറ്ററിന് ഐടി ആക്ടിന് കീഴിലുള്ള നിയമപരിരക്ഷ നഷ്ടമായിരിക്കുകയാണെന്ന് ഐടി മന്ത്രാലയം അറിയിച്ചിരുന്നു.
നേരത്തെ ട്വിറ്ററിനെതിരേ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ എടുക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ വളർന്നിരുന്നു.
Adjust Story Font
16