രോഹിത്തിനെ ചേർത്തുപിടിച്ച് ആരാധകർ, ഹലാലിനോട് വിരോധം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്
ഒരു പിടി റെക്കോഡുകളാണ് രോഹിത് ഈ ലോകകപ്പിൽ സ്വന്തമാക്കിയത്
ഇനി ഹലാൽ വേണ്ട
ഹലാൽ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ വിൽപ്പന യു.പി സർക്കാർ നിരോധിച്ചു. വിവിധ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വിശദീകരിച്ചു.
ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഹലാൽ സർട്ടിഫിക്കറ്റുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ നിർമിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇതിന് പിന്നാലെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.എസ്.ഡി.എ) സംഘം തിങ്കളാഴ്ച ലഖ്‌നൗവിലെ മാളുകളിലടക്കം പരിശോധന നടത്തി. ശീതളപാനീയങ്ങൾ, മാംസം, ഡ്രൈ ഫ്രൂട്ട്സ് എന്നിവയുൾപ്പെടെ മാളിൽ വിൽക്കുന്ന ഹലാൽ സാക്ഷ്യപ്പെടുത്തിയ വിവിധതരം ഉൽപ്പന്നങ്ങൾ സംഘം പരിശോധിച്ചു. തുടർന്ന് എഫ്.എസ്.ഡി.എ എട്ട് കമ്പനികൾക്കെതിരെ കേസെടുക്കുകയും ചെയ്തു
രോഹിത് നിങ്ങൾ പൊളിയാണ്..
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം നേടാനായില്ലെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ ചേർത്തു പിടിക്കുകയാണ് ഇന്ത്യൻ ആരാധകർ. ഒരു പിടി റെക്കോഡുകളാണ് രോഹിത് ഈ ലോകകപ്പിൽ സ്വന്തമാക്കിയത്. ഇതിലൊന്നാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടം. 2019 ലോകകപ്പിൽ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്ല്യംസൺ സ്വന്തമാക്കിയ റെക്കോഡാണ് ഈ ലോകകപ്പിൽ രോഹിത് മറികടന്നത്. കഴിഞ്ഞ ലോകകപ്പിൽ 578 റൺസ് വില്ല്യംസൺ നേടിയിരുന്നു. ഈ ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്നായി 597 റൺസാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്ന് പിറന്നത്.
വാർത്തയിൽ നിറഞ്ഞ് ഓപൺ എ.ഐ
ഓപ്പൺ എ.ഐയിൽ നിന്ന് സാം ആൾട്ടമാനെ പുറത്താക്കിയതിന് ശേഷം കമ്പനി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ആൾട്ട് മാന് പകരം ഓപൺ എ.ഐയുടെ സി.ഇ.ഓ ആയി എമ്മറ്റ് ഷിയർ വരും. അതിനിടെ ആൾട്ടമാനെയും ഗ്രെഗ് ബ്രോക്ക് മാനും അടക്കമുള്‌ലള സഹപ്രവർത്തകരും മൈക്രോസോഫ്റ്റിൽ ചേരുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല പറഞ്ഞു. വെള്ളിയാഴ്ചയാണ് സാം ആൾട്ടമാൻ ഓപണ് എ.ഐയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്.
നുണയുദ്ധത്തിൽ ഇസ്രായേൽ വീണ്ടും വീണു
ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമായി തുടരവെ പുതിയ വ്യാജ പ്രചരണം. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് പേജാണ് വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്. 'നിരപരാധികളായ സ്ത്രീകൾ, എൽജിബിടിക്യു, ജൂതർ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകൾ എന്നിവരെ ഹമാസ് കൊല്ലുന്നു, ഇത്തരം ഭീകര സംഘടനകളെ ഇനിയും നിങ്ങൾക്ക് പിന്തുണയ്ക്കണോ' എന്നാണ് ഒരാളെ പൊതുവിടത്തിൽ തൂക്കിലേറ്റുന്ന വീഡിയോ പങ്കുവച്ചുള്ള ട്വീറ്റ്.
എന്നാൽ, ഇത് 2014ൽ ഇറാനിൽ നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങളാണെന്ന് ഫാക്ട് ചെക്ക് സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. ഒമ്പത് വർഷം മുമ്പ് ഇറാനിൽ എട്ട് കിലോ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ആണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നുണ പ്രചാരണത്തിന് ഉപയോഗിച്ചത്. പ്രതിക്ക് വധശിക്ഷ വിധിക്കുന്ന ഈ വീഡിയോ അടക്കം ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ ന്യൂസ് വാർത്ത നൽകിയിരുന്നു.
ക്യാപ്റ്റർ മില്ലറിലെ ആദ്യ ഗാനം ബുധനാഴ്ചയെത്തും
ധനുഷ് നായകനായെത്തുന്ന ക്യാപ്റ്റൻ മില്ലർ ചിത്രത്തിലെ ആദ്യഗാനം കില്ലർ കില്ലർ നവംബർ 22 ബുധനാഴ്ച പുറത്തിറങ്ങും. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, നിവേദിത സതിഷ്, പ്രിയങ്ക അരുൾ മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം 2024 പൊങ്കൽ റിലീസായ തിയേറ്ററിലെത്തും.
ലിയോ ഓ.ടി.ടി റിലീസ്; പുതിയ തിയതിയുമായി നെറ്റ്ഫ്ലിക്‌സ്
വിജയ് നായകനായ ലോകേഷഅ കനകരാജ് ചിത്രം ലിയോയുടെ ഓ.ടി.ടി റഇലീസ് പ്രഖ്യാപിച്ചു. ഈ മാസം 24 നാണ് ചിത്രം ഇന്ത്യയിൽ റിലീസാകുക. 28-ാം തിയതി മുതൽ ആഗോളതലത്തിൽ തമിഴ് പതിപ്പിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി പതിപ്പുകൾ ലഭ്യമാകും. 600 കോടിയാണ് ലിയോയുടെ ആഗോള കളക്ഷൻ. ലോകേഷ് സിനിമാറ്റിക് യൂനിവേഴ്‌സിലെ ഒരു ചിത്രം കൂടിയാണ് ലിയോ. മാത്യു തോമസ്, ഗൗതം മേനോൻ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മഡോണ സെബാസ്റ്റിയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനിരുദ്ധ് സംഗീത സംവിധാനവും അൻബറിവ് സംഘട്ടനവും നിർവഹിച്ചു.
Adjust Story Font
16