Quantcast

മധ്യപ്രദേശിൽ യുവസൈനികരെ ആൾക്കൂട്ടം ആക്രമിച്ചു; പെൺസുഹൃത്തിനെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു

ഇന്നലെ പുലർച്ചെ ഇൻഡോറിൽനിന്ന് 50 കി.മീറ്റർ ദൂരത്തുള്ള ചരിത്രപ്രസിദ്ധമായ ജാം ഗേറ്റിനടുത്തായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം

MediaOne Logo

Web Desk

  • Published:

    12 Sep 2024 10:02 AM GMT

Two Army officers attacked, their female friend raped near Jam Gate, a picnic spot in Madhya Pradesh
X

ഭോപ്പാൽ: മധ്യപ്രദേശിൽ യുവ സൈനികര്‍ക്കുനേരെ ആൾക്കൂട്ട ആക്രമണം. ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തിനെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇൻഡോറിൽനിന്ന് 50 കി.മീറ്റർ ദൂരത്തുള്ള ചരിത്രപ്രസിദ്ധമായ ജാം ഗേറ്റിനടുത്ത് ഇന്നലെ പുലർച്ചെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി ഇൻഡോർ അഡിഷനൽ എസ്പി രൂപേഷ് ദ്വിവേദി അറിയിച്ചു.

മധ്യപ്രദേശ് നഗരമായ മോവിലെ ഇൻഫാൻട്രി സ്‌കൂളിൽ യുവസൈനികർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുന്ന രണ്ട് സൈനികർക്കുനേരെയാണു ക്രൂരമായ ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി മോവ്-മന്ദ്‌ലേശ്വർ പാതയിലുള്ള ജാം ഗേറ്റിനടുത്തുള്ള അഹല്യ ഗേറ്റിൽ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ഇവർ. പുലർച്ചെ 2.30നടുത്ത് പത്തോളം പേർ സൈനികരെത്തിയ കാർ വളയുകയായിരുന്നു. ഈ സമയത്ത് ഒരു സൈനികനും പെൺസുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്.

ആൾക്കൂട്ടം ആക്രോശിക്കാനും ആക്രമിക്കാനും തുടങ്ങിയതോടെ ശബ്ദം കേട്ട് കുറച്ച് അകലെയായിരുന്ന മറ്റൊരു സൈനികനും സുഹൃത്തും ഓടിയെത്തി. അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം കാറിൽ കയറി സൈനികനെയും യുവതിയെയും മർദിക്കാൻ തുടങ്ങി. വെറുതെവിടണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. ഈ അവസരം മുതലെടുത്ത് രണ്ടാമത്തെ സൈനികൻ മേലുദ്യോഗസ്ഥനെ വിളിച്ചു വിവരം അറിയിച്ചു. എന്നാൽ, പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും യുവതിയെ ആൾക്കൂട്ടം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നു.

പൊലീസ് എത്തുംമുൻപ് തന്നെ അക്രമികൾ തൊട്ടടുത്തുള്ള വനത്തിലൂടെ രക്ഷപ്പെടുകയും ചെയ്തു. സമീപത്തെ നാല് പൊലീസ് സ്റ്റേഷനുകളിൽനിന്ന് എത്തിയ തിരച്ചിലിൽ വനത്തിൽനിന്നു അക്രമികളെന്നു സംശയിക്കുന്ന രണ്ടുപേരെ പിടികൂടി. നാലുപേരെ മറ്റു സ്ഥലങ്ങളിൽനിന്നും കസ്റ്റഡിയിലെടുത്തു.

സൈനികരെയും സുഹൃത്തുക്കളെയും ഉടൻ തന്നെ മോവിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതിൽ ഒരു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. രണ്ട് സൈനികരുടെയും ശരീരമാസകലം മർദനത്തിന്റെ പാടുകളുമുണ്ട്.

സൈനികരുടെ പണവും ഫോണും കവർന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ബദ്‌ഗോണ്ട പൊലീസ് ബിഎൻഎസിലെ കൂട്ടബലാത്സംഗം, കവർച്ച, തട്ടിപ്പ്, മുറിവേൽപ്പിക്കൽ വകുപ്പുകളും സൈനിക വകുപ്പും ചുമത്തിയിട്ടുണ്ട്.

1791ൽ മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണിയായിരുന്ന അഹല്യഭായ് ഹോൾക്കർ നിർമിച്ച ജാം ഗേറ്റ് ഇപ്പോൾ വിനോദ സഞ്ചാരത്തിനു പേരുകേട്ട സ്ഥലമാണ്. ഇവിടത്തെ വ്യൂപോയിന്റിലേക്ക് നൂറുകണക്കിനു സഞ്ചാരികളാണു ദിവസവും എത്തുന്നത്. തൊട്ടടുത്തുള്ള ക്ഷേത്രത്തിലേക്ക് നിരവധി തീർഥാടകരും എത്താറുണ്ട്.

Summary: Two Army officers attacked, their female friend raped near Jam Gate, a picnic spot in Madhya Pradesh

TAGS :

Next Story