ക്ഷേത്രത്തിൽ നിന്ന് 300 വർഷം പഴക്കമുള്ള ഹനുമാൻ വിഗ്രഹം കവർന്നു; രണ്ട് പേർ പിടിയിൽ
വിഗ്രഹം വിദേശത്തേക്ക് കടത്തി കോടിക്കണക്കിന് രൂപ സമ്പാദിക്കാനാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.
തൃശിനാപ്പള്ളി: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് 300 വർഷം പഴക്കമുള്ള ഹനുമാൻ വിഗ്രഹം കവർന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തഞ്ചാവൂർ ജില്ലയിലെ കുംഭകോണം പട്ടീശ്വരത്തെ തേനുപുരീശ്വര ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം മോഷ്ടിച്ച കേസിലാണ് രണ്ട് പേരെ എ.ഡി.എസ്.പി ജി. ബാലമുരുകന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം മുമ്പാണ് സംഭവം.
നീലകണ്ഠൻ (30), വി മണികണ്ഠൻ (32) എന്നിവരാണ് അറസ്റ്റിലായത്. കവർച്ച ചെയ്യപ്പെട്ട വിഗ്രഹം ഇവരിൽ ഒരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റ് ആണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ. 10 കിലോ തൂക്കവും 29 സെ.മീ ഉയരും 23 സെ.മീ വീതിയുമുള്ള ആഞ്ജനേയ വിഗ്രഹം 2019 ഒക്ടോബർ 20നാണ് ക്ഷേത്രത്തിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും പ്രതികളെ പിടികൂടാനായില്ല. തുടർന്ന് 2020 ഒക്ടോബർ 20ന് കേസ് സി.ഐ.ഡിക്ക് കൈമാറി. എന്നിട്ടും കേസിൽ പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ ഡി.ജി.പി കെ ജയന്ത് മുരളി എ.ഡി.എസ്.പി ബാലമുരുകന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം രൂപീകരിച്ചു.
തുടർന്ന്, എസ്.ഐ ദണ്ഡായുധപാണിയും സംഘവും ക്ഷേത്രത്തിലെ 2019 മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ, രണ്ട് പേരുടെ സംശയാസ്പദമായ നീക്കം കണ്ടെത്തി. ഇവരുടെ ചിത്രം ഡൗൺലോഡ് ചെയ്ത് തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ഡിസംബർ 22ന് നീലകണ്ഠനെ കുംഭകോണം ബൈപാസിൽ നിന്ന് പിടികൂടുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാൾ, തനിക്കൊപ്പം മണികണ്ഠനും ഉണ്ടായിരുന്നെന്ന് മൊഴി നൽകി. തുടർന്നാണ് വെള്ളിയാഴ്ച രണ്ടാമനും പിടിയിലാവുന്നത്.
കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നീലകണ്ഠന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം കണ്ടെത്തുകയായിരുന്നെന്ന് എ.ഡി.എസ്.പി ബാലമുരുകൻ പറഞ്ഞു. 1000 വർഷം പഴക്കമുണ്ടെന്നു കരുതുന്ന തേനുപുരീശ്വര ക്ഷേത്രത്തിൽ നായക രാജാക്കന്മാർ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് 300 വർഷം പഴക്കമുണ്ടെന്നാണ് ഇത് പരിശോധിച്ച വിദഗ്ധർ പറയുന്നത്.
വിഗ്രഹം വിദേശത്തേക്ക് കടത്തി കോടിക്കണക്കിന് രൂപ സമ്പാദിക്കാനാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16