രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു; ഹിമാചലിൽ രണ്ട് സ്വതന്ത്ര എം.എൽ.എമാർക്ക് ദയനീയ തോൽവി
മൂന്ന് എം.എല്‍.എമാരായിരുന്നു രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന് വീണ്ടും ജനവിധി തേടിയത്
സിംല: ഹിമാചൽ പ്രദേശിൽ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്ന്സ്വതന്ത്ര എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്ന മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ രണ്ടിടത്ത് കോൺഗ്രസ് വിജയിച്ചു. ഒരു സീറ്റിൽ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി ജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥികളായ സിറ്റിങ് എം.എല്‍.എ ഹോഷിയാർ സിങ്, കെ.എൽ ഠൂക്കർ എന്നിവർക്കാണ് അടിതെറ്റിയത്.
ബിജെപിയുടെ ഉരുക്കുകോട്ടയായിരുന്ന ദെഹ്ര മണ്ഡലത്തിലായിരുന്നു ഹോഷിയാർ സിങ് വീണ്ടും ജനവിധി തേടിയത്. എന്നാൽ ഇവിടെ മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖുവിന്റെ ഭാര്യയും കോൺഗ്രസ് സ്ഥാനാർഥിയുമായ കമലേഷ് താക്കൂർ 9,399 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വൻ വിജയം നേടി.
നളഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഹർദീപ് സിങ് ബാവയോടാണ് ബി.ജെ.പി സ്ഥാനാർഥിയായ കെ.എൽ ഠൂക്കർ പരാജയപ്പെട്ടത്. 8,990 വോട്ടുകൾക്കായിരുന്നു പരാജയം. അഞ്ച് തവണ ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റായിരുന്നു ഹർദീപ് സിങ് ബാവ.
അതേസമയം, ഹമീർപൂർ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആശിഷ് ശർമ്മ 1,571 വോട്ടുകൾക്കാണ് ജയിച്ചത്. കോൺഗ്രസിന്റെ പുഷ്‌പേന്ദർ വർമ്മയെ നേരിയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് തന്റെ എം.എൽ.എ സ്ഥാനം ആശിഷ് ശർമ്മ നിലനിർത്തിയത്. കനത്ത തിരിച്ചടിയിലും ആഷിശ് ശർമ്മയുടെ വിജയം മാത്രമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്. സ്വതന്ത്ര എം.എൽ.എയായി വിജയിച്ച ശേഷം രാജിവെച്ചാണ് ആഷിശും ബി.ജെ.പിയിൽ ചേർന്നത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്നവരായിരുന്നു ആശിഷ് ശർമ്മയും കെ എൽ താക്കൂറും ഹോഷിയാർ സിങ്ങും. എന്നാൽ ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് വോട്ട് ചെയ്യുകയും പിന്നീട് രാജിവെക്കുകയുമായിരുന്നു. മാർച്ച് 22ന് രാജിവച്ച് പിറ്റേന്ന് ബിജെപിയിൽ ചേരുകയായിരുന്നു. സിറ്റിങ് എം.എൽ.എമാരെ നിർത്തിയിട്ടും കനത്ത തിരിച്ചടി നേരിടേണ്ടി വന്ന ആഘാതത്തിലാണ് ബി.ജെ.പി.
അതേസമയം, മുഖ്യമന്ത്രി സുഖ് വിന്ദർ സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറിന്റെ വിജയത്തോടെ ഹിമാചലിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് നിയമസഭയിലേക്കെത്തുന്നതിനും ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് സാക്ഷിയായി.ഇതിന് പുറമെ, ഇത്തവണത്തെ സംസ്ഥാന നിയമസഭയിൽ ഒറ്റ സ്വതന്ത്ര എം.എൽ.എമാർ പോലുമില്ലെന്നതും സവിശേഷതയാണ്.
Adjust Story Font
16