കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയുടെ മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിയ സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ഇതുവരെ 20 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നാലു പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
ഡൽഹിയിലെ കസ്തൂർബാ നഗറിൽ 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് തെരുവിലൂടെ നടത്തിയ സംഭവത്തിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ. സംഭവത്തിൽ ഇതുവരെ 20 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നാലു പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
ജനുവരി 26നാണ് സംഭവമുണ്ടായത്. യുവതിയെ അയല്‍വാസികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുടി മുറിച്ച് മുഖത്ത് കരിഓയില്‍ ഒഴിച്ച് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടമാണ് യുവതിയോട് ഈ ക്രൂരത കാണിച്ചത്. അയല്‍വാസികള്‍ തമ്മിലുള്ള ശത്രുതയുടെ തുടര്‍ച്ചയാണ് ഈ ക്രൂരതയെന്ന് പൊലീസ് പറഞ്ഞു.
തന്നെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിന്‍റെ പ്രണയാഭ്യര്‍ഥന 20കാരി നിരസിച്ചിരുന്നു. യുവാവ് പിന്നീട് ആത്മഹത്യ ചെയ്തു. യുവാവ് ആത്മഹത്യ ചെയ്യാന്‍ കാരണം പെണ്‍കുട്ടിയാണെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ യുവതിയെ ആക്രമിച്ചത്. ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷമാണ് തെരുവിലൂടെ നടത്തിയത്. പ്രതികളെ സഹായിച്ച ഓട്ടോ ഡ്രൈവറെയും 43 വയസ്സുള്ള മറ്റൊരാളെയുമാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
പ്രതികളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ തെരുവിലൂടെ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്രമിക്കപ്പെട്ട യുവതിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സുരക്ഷ നല്‍കണമെന്ന യുവതിയുടെ സഹോദരിയുടെ ആവശ്യപ്രകാരം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
Adjust Story Font
16