കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പപ്പു യാദവടക്കം രണ്ട് സ്വതന്ത്ര എം.പിമാർ കൂടി; അംഗബലം 102
മൂന്ന് പേർ കൂടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ നേരത്തെ 234 ആയിരുന്ന ഇൻഡ്യ മുന്നണിയുടെ അംഗബലം 237 ആയി.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രണ്ട് എം.പിമാർ കൂടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ബിഹാറിലെ പുർനിയ എം.പി പപ്പു യാദവ്, ലഡാക്ക് എം.പി മുഹമ്മദ് ഹനീഫ എന്നിവരാണ് കോൺഗ്രസിന് പിന്തുണയറിയിച്ചത്. ഇതോടെ ലോക്സഭയിൽ കോൺഗ്രസ് അംഗസംഖ്യ 102ലേക്ക് ഉയർന്നു. നേരത്തെ മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എം.പി വിശാൽ പാട്ടീലും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഹമ്മദ് ഹനീഫ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. മൂന്ന് പേർ കൂടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ നേരത്തെ 234 ആയിരുന്ന ഇൻഡ്യ മുന്നണിയുടെ അംഗബലം 237 ആയി.
ലഡാക്കിൽ കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾക്കെതിരെയാണ് ഹനീഫ മത്സരിച്ചത്. സെറിങ് നംഗ്യാൽ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. നംഗ്യാലിനെ 27,862 വോട്ടുകൾക്കാണ് ഹനീഫ പരാജയപ്പെടുത്തിയത്. ബിജെപിയുടെ താഷി ഗ്യാൽസൺ മൂന്നാം സ്ഥാനത്തേക്കും വീണു.
പാട്ടീൽ കഴിഞ്ഞയാഴ്ച പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പപ്പു യാദവ് തിങ്കളാഴ്ചയാണ് കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതും തീരുമാനം അറിയിച്ചതും. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച വിശാൽ പാട്ടീൽ കഴിഞ്ഞ ആഴ്ചയാണ് കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിൻ്റെ ചെറുമകനായ ഇദ്ദേഹം, സാംഗ്ലി സീറ്റ് ശിവസേന (യുബിടി)ക്ക് നൽകിയതിൽ എതിർപ്പറിയിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.
ബിഹാറിലെ പുർനിയയിൽ നിന്ന് ജെഡിയുവിൻ്റെ സന്തോഷ് കുമാറിനെയും ആർജെഡിയുടെ ഭീമാ ഭാരതിയേയും പരാജയപ്പെടുത്തിയാണ് പപ്പു യാദവ് ലോക്സഭയിലെത്തിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പപ്പു യാദവ് കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ, സഖ്യധാരണയുടെ അടിസ്ഥാനത്തിൽ സീറ്റ് ആർജെഡിക്കു നൽകേണ്ടി വന്നതോടെ കോൺഗ്രസ് ടിക്കറ്റിൽ പപ്പുവിനു മത്സരിക്കാനായില്ല. ഇതോടെയാണ് അദ്ദേഹം സ്വതന്ത്രനായി കളത്തിലിറങ്ങിയത്.
ഇനിയുള്ള നാല് സ്വതന്ത്ര എംപിമാരായ എഞ്ചിനീയർ റാഷിദ്, അമൃത്പാൽ സിങ്, സരബ്ജീത് ഖൽസ, ഉമേഷ്ഭായ് പട്ടേൽ എന്നിവർ ഏതെങ്കിലും സഖ്യത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഇവരെ കൂടാതെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരും വിഒടിടിപി, സോറം പീപ്പിൾസ് മൂവ്മെന്റ്, അകാലിദൾ, എഎസ്പി (കാൻഷി റാം), എഐഎംഐഎം എന്നിവയുടെ ഓരോ എംപിമാരും ഒരു മുന്നണിയിലും ചേർന്നിട്ടില്ല. ഇവരിൽ എഎസ്പി (കാൻഷി റാം), എഐഎംഐഎം എന്നീ പാർട്ടി എം.പിമാർ ഇൻഡ്യ മുന്നണിയിൽ ചേർന്നില്ലെങ്കിലും എൻഡിഎയെ എതിർക്കാനാണ് സാധ്യത.
Adjust Story Font
16