റെയിൽവെ പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മൂന്നുപേർക്കും ലോക്കോ പൈലറ്റ് ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയിരുന്നു
നദിക്ക് കുറുകെയുള്ള റെയിൽവെ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ചവെസ്റ്റ് ബംഗാളിലെ മിഡ്നാപൂരിലെ കൻസായി റെയിൽ പാലത്തിലാണ് സംഭവം.
വെസ്റ്റ് ബംഗാളിലെ മിഡ്നാപൂർ രാജർബഗൻ സ്വദേശി മുസ്താഖ് അലി ഖാൻ (36), ഹതിൽക സ്വദേശി അബ്ദുൾ ഗെയ്ൻ (32) എന്നിവരെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ജുൻമത് ഗെയ്ൻ (35) രാജർബഗാൻ സ്വദേശിയാണ്.
വിനോദയാത്രക്കായെത്തിയ മൂന്നുപേരും സെൽഫിയെടുക്കാൻ കങ്‌സാവതി നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന് നടുവിലേക്ക് നടന്നുപോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഈ സമയത്താണ് മിഡ്നാപൂർ-ഹൗറ ലോക്കൽ ട്രെയിൻ എതിരെ വന്നത്. ട്രെയിനിന്റെ ശബ്ദം കേട്ട മൂന്നുപേരും പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും രക്ഷപ്പെടാൻ സാധിച്ചില്ല. ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റൊരാൾ വൈകിട്ട് 4.30 ഓടെയാണ് മരിച്ചത്. റെയിൽവെ പൊലീസ് എത്തിയാണ് ഗെയിനിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
പാളത്തിലൂടെ നടന്നുപോകുന്ന മൂന്നുപേർക്കും ലോക്കോ പൈലറ്റ് ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16