രാഹുലിനെതിരെ ബോംബ് ഭീഷണി; മധ്യപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞതായും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര
ഇൻഡോർ: രാഹുൽ ഗാന്ധിക്കെതിരെ മധ്യപ്രദേശിൽ ബോംബ് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രണ്ട് പേരെ പിടികൂടിയതായും മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞതായും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. കൂടുതൽ നടപടികൾക്കായി പൊലീസ് സംഘം ഹരിയാനയിലേക്ക് പോയതായും അദ്ദേഹം വ്യക്തമാക്കി. 1984ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ചുള്ള കത്തിൽ രാഹുലിന് പുറമേ കോൺഗ്രസ് മധ്യപ്രദേശ് തലവൻ കമൽ നാഥിനെതിരെയും ഭീഷണിയുണ്ടായിരുന്നു.ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഖൽസ സ്റ്റേഡിയത്തിൽ കമൽനാഥിനെ ഈ മാസമാദ്യത്തിൽ ആദരിച്ചത് വിവാദമായിരുന്നു.
ഭാരത് ജോഡോ യാത്ര മധ്യപ്രദേശ് ഇൻഡോറിലെ സിറ്റി സ്റ്റേഡിയത്തിൽ താമസിച്ചാൽ ബോംബ് സ്ഫോടമുണ്ടാകുമെന്നായിരുന്നു അജ്ഞാത കത്ത്. നവംബർ 28ന് രാഹുലും സംഘവും സ്റ്റേഡിയത്തിൽ തങ്ങിയാൽ സ്ഫോടനമുണ്ടാകുമെന്നാണ് നഗരത്തിലെ ഒരു ഷോപ്പിൽ തപാൽ മാർഗം ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്.
'നഗരത്തിലെ ജൂനി പ്രദേശത്തുള്ള മധുര പലഹാര കടയിൽ നിന്ന് വ്യാഴാഴ്ച വൈകീട്ടാണ് കത്ത് കിട്ടിയത്. ഭാരത് ജോഡോ യാത്ര സംഘം ഖൽസ സ്റ്റേഡിയത്തിൽ തങ്ങിയാൽ നഗരത്തിൽ ബോംബ് സ്ഫോടനം നടത്താമെന്നാണ് കത്തിലുണ്ടായിരുന്നത്' വാർത്താ ഏജൻസിയായ പി.ടി.ഐയോട് ഇൻഡോർ കമ്മീഷ്ണർ എച്ച്.സി മിശ്ര പറഞ്ഞു. കത്തിൽ രാഹുലിനെ നേരിട്ട് ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 507 (അജ്ഞാത വ്യക്തിയുടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരം കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന കോൺഗ്രസ് സെക്രട്ടറി നിലാബ് ശുക്ല അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്രക്ക് വേണ്ട സുരക്ഷയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മഹാരാഷ്ട്രയിലുള്ള പദയാത്ര നവംബർ 20ന് മധ്യപ്രദേശിലേക്ക് കടക്കും.
Two people arrested in Madhya Pradesh after receiving a bomb threat letter against Rahul Gandhi
Adjust Story Font
16