Quantcast

സൂറത്തിൽ സ്പായിൽ വൻ തീപ്പിടിത്തം; സിക്കിം സ്വദേശികളായ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം

മരിച്ച ബേനു ലിംബു ജോലിയിൽ കയറി ആദ്യത്തെ ദിവസമായിരുന്നു അപകടമുണ്ടായതെന്ന് റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    8 Nov 2024 5:32 AM GMT

Two Sikkim women die in blaze at spa in Gujarat
X

അഹ്‌മദാബാദ്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ജീവനക്കാരികളായ രണ്ട് സിക്കിം സ്വദേശികൾക്കാണു ദാരുണാന്ത്യം. സൂറത്തിലെ സിറ്റി ലൈറ്റ് റോഡിൽ കഴിഞ്ഞ ദിവസമാണു സംഭവം.

സൂറത്തിലെ ഫോർച്യൂൺ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന അമൃത്യ സ്പാ ആൻഡ് സലോണിലാണു കഴിഞ്ഞ ദിവസം വൈകീട്ട് വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു അപകടം. തീ കത്തിപ്പടർന്നതിനു പിന്നാലെ സ്പായിലെ മൂന്ന് ജീവനക്കാരികൾ ഓടിരക്ഷപ്പെട്ടു. എന്നാൽ, കെട്ടിടത്തിലാകെ പുകയിൽ മൂടിയതോടെ സിക്കിം സ്വദേശികളായ ബേനു ഹങ്മാ ലിംബൂവിനും(30), മനീഷ ദമായ്ക്കും(24) രക്ഷപ്പെടാനായില്ല.

സംഭവത്തിനു പിന്നാലെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ശ്വാസംമുട്ടി രണ്ടുപേരും മരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ താഴേനിലകളിലും പുക പടർന്നതിനാൽ രക്ഷാപ്രവർത്തകർക്കും കൃത്യസമയത്ത് തീപ്പിടിത്തമുണ്ടായ മൂന്നാം നിലയിൽ എത്താനായില്ല. അരമണിക്കൂറോളം എടുത്താണ് ഇവർ അകത്ത് കയറുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തത്.

സ്പായിലെ ബാത്‌റൂമിൽനിന്നാണ് സിക്കിം യുവതികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച ബേനു ലിംബു ജോലിയിൽ കയറി ആദ്യത്തെ ദിവസമായിരുന്നു അപകടമുണ്ടായതെന്നും റിപ്പോർട്ടുണ്ട്. മൂന്നു ദിവസം മുൻപാണ് മഹാരാഷ്ട്രയിലെ ലൊണാവാലയിലെ ജോലി ഉപേക്ഷിച്ച് ഇവർ സൂറത്തിലെത്തിയത്.

തീപിടിത്തത്തിനു കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Two Sikkim women die in blaze at spa in Gujarat's Surat

TAGS :

Next Story