ബിജെപിക്ക് വൻ തിരിച്ചടി; രണ്ട് സിറ്റിങ് എംപിമാർ പാർട്ടി വിട്ട് കോൺഗ്രസിൽ
രണ്ട് നേതാക്കളും ജാട്ട് സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ളവരാണ്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ രാഷ്ട്രീയ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. ബിജെപിക്ക് വൻ തിരിച്ചടി നൽകി ഹരിയാനയിലെ ഹിസാറിൽനിന്നുള്ള എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിലെത്തി. രാജസ്ഥാനിലെ ചുരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ കസ്‌വാനും ഉടൻ കോൺഗ്രസില്‍ ചേരുമെന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിൽ വച്ചാണ് ബ്രിജേന്ദ്ര സിങ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ദീപക് ബാബരിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹിസാറിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ സിങ് മത്സരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ജാട്ട് വിഭാഗത്തിൽ ഏറെ സ്വാധീനമുള്ള നേതാവു കൂടിയാണ് ഇദ്ദേഹം. വെറ്ററൻ ബിജെപി നേതാവ് ചൗധരി ബിരേന്ദ്രർ സിങ്ങിന്റെ മകനാണ്. 2019ൽ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം വിജയിച്ചിരുന്നത്.
ചുരു മണ്ഡലത്തെ രണ്ട് തവണ പ്രതിനിധീകരിച്ച എംപിയാണ് രാഹുൽ കസ്‌വാൻ. ജാട്ട് നേതാവാണ് കസ്‌വാൻ. ചുരുവിൽ കസ്‌വാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ചുരുവിൽ ദേവേന്ദ്ര ഝജാരിയയാണ് ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ചുരുവിലെ രാജ്ഘട്ടിൽ രാഹുൽ ശക്തിപ്രകടനം നടത്തിയിരുന്നു.
Adjust Story Font
16