ദലിത് യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച് കൈവെട്ടി മേൽജാതിക്കാർ, വീട്ടുകാർക്കും പരിക്ക്; രണ്ട് പേർ അറസ്റ്റിൽ
രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇരുവരുടെയും കാലിന് വെടിയേറ്റു.
ബെംഗളൂരു: ദലിത് യുവാവിനെ വീട്ടിൽക്കയറി ആക്രമിക്കുകയും കൈവെട്ടി മാറ്റുകയും ചെയ്ത സംഭവത്തിൽ മേൽജാതി സംഘത്തിൽപ്പെട്ട രണ്ട് പേർ അറസ്റ്റിൽ. കർണാടകയിലെ കനകപുരയിലെ മലഗാലു ഗ്രാമത്തിലായിരുന്നു സംഭവം. റൗഡി ഷീറ്റിൽ ഉൾപ്പെട്ട ഹർഷ എന്ന കൈമ, കരുണേഷ് എന്ന കന്ന എന്നിവരാണ് പിടിയിലായത്.
അറസ്റ്റിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇരുവരുടെയും കാലിന് വെടിയേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷ് കുമാർ എന്ന ദലിത് യുവാവും കുടുംബവുമാണ് ഇവരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിനിരയായത്.
ജൂലൈ 21നായിരുന്നു സംഭവം. അമ്മാനവനൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന അനീഷിനെ സുഹൃത്തുക്കളുമായി റോഡരികിൽ നിൽക്കുകയായിരുന്ന പ്രതികളിലൊരാൾ ജാതി ചോദിച്ച് അധിക്ഷേപിച്ചത് വാക്കേറ്റത്തിനിടയാക്കി. തുടർന്ന് ഇവരുടെ അധിക്ഷേപം വർധിച്ചതോടെ അനീഷ് കുമാറും അമ്മാവനും ഇവിടെ നിന്ന് പോയി.
കുറച്ചുകഴിഞ്ഞ്, അനീഷിൻ്റെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതിയും സംഘവും അനീഷിനെയും കുടുംബാംഗങ്ങളെയും ജാതീയമായി അധിക്ഷേപിച്ചു. മേൽജാതിയായ വൊക്കലിഗ സമുദായത്തിൽപ്പെട്ട പ്രതികൾ, അനീഷിനെയും വീട്ടുകാരേയും ആക്രമിക്കുകയും യുവാവിന്റെ ഇടതുകൈ വെട്ടിമാറ്റുകയും ചെയ്ത ശേഷം സ്ഥലംവിടുകയായിരുന്നു.
പരിക്കേറ്റ അനീഷ് ബെംഗളൂരുവിലെ സെൻ്റ് ജോൺസ് ആശുപത്രിയിലും കുടുംബാംഗങ്ങൾ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്. ആക്രമണത്തെ അപലപിച്ചു രംഗത്തെത്തിയ ദലിത് സംഘടനകൾ കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ ഏഴ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർ ഒളിവിലാണ്. പ്രതികൾക്കെതിര ഭാരതീയ ന്യായ് സംഹിത 118 (മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക), 198 (നിയമവിരുദ്ധ സംഘം ചേരൽ), 329 (അതിക്രമിച്ചുകടക്കൽ), 351 (ഭീഷണിപ്പെടുത്തൽ), 76 (അപമാനിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീകൾക്കു നേരെയുള്ള ബലപ്രയോഗം) എന്നീ വകുപ്പുകളും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ ഭേദഗതി നിയമപ്രകാരവുമായി കേസെടുത്തിരിക്കുന്നത്.
Adjust Story Font
16