നുപൂർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന പ്രതികൾക്ക് ബി.ജെ.പി ബന്ധം: അശോക് ഗെഹ്‌ലോട്ട്
സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതികളെ ബി.ജെ.പി നേതാക്കൾ ഇടപെട്ടാണ് മോചിപ്പിച്ചതെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.
ഉദയ്പൂർ: പ്രവാചനകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികൾക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഉദയ്പൂരിൽ തയ്യൽക്കട നടത്തിയിരുന്ന കനയ്യ ലാൽ ആയിരുന്നു കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.
സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു കേസിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ബി.ജെ.പി നേതാക്കൾ എത്തിയാണ് മോചിപ്പിച്ചത്. എൻ.ഐ.എക്ക് പകരം രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) കേസ് കൈകാര്യം ചെയ്തിരുന്നെങ്കിൽ അന്വേഷണം യുക്തിസഹമായി നീങ്ങുമായിരുന്നുവെന്ന് ഞായറാഴ്ച ജോധ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഗെഹ്‌ലോട്ട് പറഞ്ഞു.
2022 ജൂൺ 28നാണ് ഉദയ്പൂരിലെ ധൻമണ്ഡിയിൽ സുപ്രിം ടൈലേഴ്‌സ് എന്ന തയ്യൽകട നടത്തിയിരുന്ന കനയ്യ ലാൽ (48) കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി, മുഹമ്മദ് റിയാസ് അൻസാരി തുടങ്ങി അഞ്ചുപേർ അറസ്റ്റിലായിരുന്നു. പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് നുപൂർ ശർമയെ ബി.ജെ.പിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. ഉദയ്പൂരിലെ ധന്മണ്ടി പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു.
Adjust Story Font
16