വാഹനം ഓവർടേക്ക് ചെയ്തതിന് മരത്തിൽ കെട്ടിയിട്ട് ക്രൂരമർദനം; ദലിത് യുവാവ് മരിച്ച നിലയിൽ
വൊക്കലിഗ സമുദായക്കാരായ യുവാക്കളാണ് യുവാവിനെ മരത്തിൽകെട്ടിയിട്ട് നാലു മണിക്കൂറോളം ക്രൂരമായി മർദിച്ചത്
ബംഗളൂരു: ബൈക്ക് ഓവർടേക്ക് ചെയ്തതിന് ദലിത് യുവാവിന് 'മുന്നാക്ക ജാതി'ക്കാരുടെ ക്രൂരമർദനം. മരത്തിൽ കെട്ടിയിട്ട് മണിക്കൂറുകളോളം മർദിച്ചു. സംഭവത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു.
കർണാടകയിലെ കോലാർ ജില്ലയിലാണ് സംഭവം. വൊക്കലിഗ സമുദായക്കാരായ അക്രമികൾ സഞ്ചരിച്ച ബൈക്കുകളെ മുൽബഗൽ ബേവഹള്ളി സ്വദേശിയായ ഉദയ് കിരൺ ബൈക്കിൽ മറികടന്നെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞുനിർത്തുകയായിരുന്നു. ബൈക്കും മൊബൈലും പിടിച്ചുവാങ്ങുകയും ചെയ്തു.
ഇതു തിരിച്ചുചോദിച്ചതോടെയാണ് സമീപത്തെ ഒരു മരത്തിൽ കെട്ടിയിട്ട് യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. നാല് മണിക്കൂറോളം ആക്രമണം തുടർന്നു. ശേഷം കെട്ടഴിച്ചുവിടുകയും അക്രമികൾ കടന്നുകളയുകയുമായിരുന്നു.
സംഭവം അറിഞ്ഞ് ഉദയ് കുമാറിന്റെ പിതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ നാഗരാജു സ്ഥലത്തെത്തി. ഉദയിനെ വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് രാത്രി വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ തൊട്ടടുത്തുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്രമികൾ മദ്യാലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കെതിരെ എസ്.സി, എസ്.ടി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Summary: Uday Kiran, Dalit man from Karnataka, assaulted after he overtakes 'upper caste' men on motorcycle; later ends life
Adjust Story Font
16