Quantcast

ആരെയും ഭയമില്ല; സഞ്ജയ് റാവത്തിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ

ഇതു തങ്ങളെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    1 Aug 2022 10:13 AM GMT

ആരെയും ഭയമില്ല; സഞ്ജയ് റാവത്തിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ
X

മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിനെ പിന്തുണച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തങ്ങള്‍ക്ക് ആരെയും ഭയമില്ലെന്നും റാവത്തിനെ ഓര്‍ത്ത് അഭിമാനിക്കുന്നതായും താക്കറെ പറഞ്ഞു. ഇതു തങ്ങളെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"നമുക്കതിരെ ആരു സംസാരിച്ചാലും അത് തുടച്ചുനീക്കേണ്ടതുണ്ട്, അത്തരമൊരു ചിന്താഗതിയുള്ള പകപോക്കൽ രാഷ്ട്രീയമാണ് നടക്കുന്നത്." മുംബൈയിൽ സഞ്ജയ് റാവത്തിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം താക്കറെ പറഞ്ഞു. ഞങ്ങളുടെ കാലം വരുമ്പോൾ നിങ്ങൾക്ക് എന്തു സംഭവിക്കും എന്ന് ചിന്തിക്കു എന്ന് എതിരാളികള്‍ക്ക് താക്കറെ മുന്നറിയിപ്പ് നല്‍കി. ആരും എക്കാലത്തും അധികാരത്തിൽ തുടരില്ല. കാലം മാറും. ബുദ്ധി കൊണ്ടുള്ള രാഷ്ട്രീയമല്ല നിലവിൽ നടക്കുന്നത്. മരിക്കാൻ തയ്യാറാണ്, പക്ഷേ അടിമയാകില്ലെന്നും താക്കറെ പറഞ്ഞു.

രാവിലെ ഇഡി അറസ്റ്റ് ചെയ്ത റാവത്തിനെ കോടതിയില്‍ ഹാജരാക്കി വിചാരണ ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 12.45നാണ് റാവത്തിനെ അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക ജഡ്ജി എം.ജി ദേശ്പാണ്ഡെ ചൂണ്ടിക്കാട്ടി. റാവത്തിനെ ഹാജരാക്കുമ്പോള്‍ കോടതി മുറിക്ക് പുറത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. റാവത്ത് അകത്ത് കടന്നപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. സഹോദരന്‍ സുനില്‍ റാവത്തുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു സഞ്ജയ്. ശിവസേനയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ലെന്ന് റാവത്ത് അനുയായികളോട് പറഞ്ഞു. മുതിർന്ന അഭിഭാഷകൻ അശോക് മുണ്ടർഗിയാണ് സഞ്ജയ് റാവത്തിന് വേണ്ടി ഹാജരായത്.

1034 കോടിയുടെ പത്രചൗൾ ഭൂമി അഴിമതി കേസിലാണ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. ഷിൻഡെ പക്ഷത്തോടു തെറ്റിയ ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവായിരുന്നു സഞ്ജയ് റാവത്ത്. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയാണ് പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ സഞ്ജയ് റാവത്തിനെതിരായ അന്വേഷണം ഇഡി ശക്തമാക്കിയത്. ഇതാദ്യമായല്ല എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടും സഞ്ജയ് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. എന്നാല് മഹാരാഷ്ട്രയിൽ ഭരണം മാറിയ സാഹചര്യത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി ശിവസേന എം.പിക്ക് എതിരായ നടപടി ശക്തമാക്കിയത്.

TAGS :

Next Story