Quantcast

'ആരാണ് ശരിയെന്ന് ജനം പറയട്ടെ'; മഹാരാഷ്ട്രയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

കഴിഞ്ഞ രണ്ടര വർഷം ബിജെപി നേതാക്കൾ തന്നെ അധിക്ഷേപിച്ചപ്പോഴെല്ലാം വിമതർ അവർക്കൊപ്പമായിരുന്നുവെന്നും ഉദ്ധവ് ആരോപിച്ചു. ''നിങ്ങൾ അവർക്കൊപ്പം നിന്ന് സ്വന്തം പാർട്ടിയെ ഒറ്റിക്കൊടുക്കുകയായിരുന്നു''- ഉദ്ധവ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 July 2022 2:23 PM GMT

ആരാണ് ശരിയെന്ന് ജനം പറയട്ടെ; മഹാരാഷ്ട്രയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
X

മുംബൈ: മഹാരാഷ്ട്രയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരെ ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചശേഷം നടന്ന ആദ്യ പൊതുപരിപാടിയിലാണ് ഉദ്ധവ് നിർണായക ആവശ്യമുന്നയിച്ചത്.

''ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു. ഞങ്ങൾ തെറ്റ് ചെയ്‌തെങ്കിൽ ജനങ്ങൾ ഞങ്ങളെ വീട്ടിലേക്കയക്കും. ഇതാണ് നിങ്ങൾക്ക് ചെയ്യാനുള്ളതെങ്കിൽ, രണ്ടരവർഷം മുമ്പ് ചെയ്യാമായിരുന്നു. അത് മാന്യമായി ചെയ്യാമായിരുന്നു. ഇതെല്ലാം സംഭവിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല''-ഉദ്ധവ് പറഞ്ഞു.

''അമ്പും വില്ലും അടയാളം ശിവസേനയിൽനിന്ന് പിടിച്ചെടുക്കാൻ ആർക്കും കഴിയില്ല. എന്നിരുന്നാലും ആളുകൾ ചിഹ്നത്തിലേക്ക് മാത്രമല്ല നോക്കുന്നത്, ചിഹ്നം പിടിച്ചിരിക്കുന്ന ആളെയും ജനങ്ങൾ നോക്കും''-ഉദ്ധവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടര വർഷം ബിജെപി നേതാക്കൾ തന്നെ അധിക്ഷേപിച്ചപ്പോഴെല്ലാം വിമതർ അവർക്കൊപ്പമായിരുന്നുവെന്നും ഉദ്ധവ് ആരോപിച്ചു. ''നിങ്ങൾ അവർക്കൊപ്പം നിന്ന് സ്വന്തം പാർട്ടിയെ ഒറ്റിക്കൊടുക്കുകയായിരുന്നു''- ഉദ്ധവ് പറഞ്ഞു

വിമതരുടെ എല്ലാ വാഗ്ദാനങ്ങളും നിരസിച്ച് തനിക്കൊപ്പം നിന്ന 15-16 എംഎൽഎമാരെക്കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച സുപ്രിംകോടതി തീരുമാനിക്കുന്നത് ശിവസേനയുടെ ഭാവിയല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ ഭാവിയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

TAGS :

Next Story