Quantcast

ശിവസേന എംപിമാരും വിമതപക്ഷത്തേക്ക്; ഉദ്ധവ് താക്കറെ പ്രതിസന്ധിയില്‍

12 എംപിമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി ചര്‍ച്ച നടത്തി.

MediaOne Logo

Web Desk

  • Published:

    19 July 2022 2:49 PM GMT

ശിവസേന എംപിമാരും വിമതപക്ഷത്തേക്ക്; ഉദ്ധവ് താക്കറെ പ്രതിസന്ധിയില്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് പക്ഷം വീണ്ടും പ്രതിസന്ധിയില്‍. എം.എല്‍.എമാര്‍ ഷിന്‍ഡെ പക്ഷത്ത് എത്തിയതിനു പിന്നാലെ എംപിമാരും വിമതപക്ഷത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 12 എംപിമാര്‍ വിമതപക്ഷ നേതാവായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി ചര്‍ച്ച നടത്തി.

മുംബൈ സൗത്ത് സെൻട്രൽ എംപി രാഹുൽ ഷെവാലെയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റില്‍ പ്രത്യേക ഗ്രൂപ്പായി ഇരിക്കുന്നതിനെ കുറിച്ച് എംപിമാർ ഇന്നലെ രാത്രി സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു.വിമതസംഘം ചീഫ് വിപ്പിനെയും തീരുമാനിച്ചേക്കും. യവത്മൽ എംപി ഭാവന ഗാവ്‌ലി ചീഫ് വിപ്പായേക്കും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഭാവന ഗാവ്‌ലിയെ ഉദ്ധവ് താക്കറെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കിയിരുന്നു. രാജൻ വിചാരെയെ നിയമിച്ചെങ്കിലും സ്പീക്കർ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

ലോക്‌സഭയിൽ ശിവസേനയ്ക്ക് 19 എംപിമാരാണുള്ളത്. മഹാരാഷ്ട്രയിൽ നിന്ന് 18 പേരാണുള്ളത്. 19 എംപിമാരിൽ 12 പേരും ഏക്നാഥ് ഷിൻഡെയുമായുള്ള ഒരു വെർച്വൽ മീറ്റിങ്ങില്‍ പങ്കെടുത്തുവെന്നാണ് അവകാശവാദം. എംപിമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചെന്നും വിമത നേതാക്കള്‍ അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ മന്ത്രിസഭയെ കുറിച്ച് ബി.ജെ.പി നേതൃത്വവുമായി ചർച്ച ചെയ്യുന്നതിനായി ഏക്നാഥ് ഷിന്‍ഡെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കാനുള്ള തങ്ങളുടെ അഭ്യർത്ഥനയിൽ സ്പീക്കർ തീരുമാനമെടുത്ത ശേഷമേ എംപിമാർ ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിന് അവകാശവാദമുന്നയിക്കൂ. ഉദ്ധവ് താക്കറെയുടെ സഖ്യസർക്കാരിനെ താഴെയിറക്കിയാണ് ശിവസേനയിലെ വിമത എം.എല്‍.എമാര്‍ ബി.ജെ.പിയോടൊപ്പം അധികാരത്തിലേറിയത്.

കഴിഞ്ഞയാഴ്ച ശിവസേന എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്ധവ് താക്കറെ ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചിട്ടും എംപിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഉദ്ധവ് താക്കറെ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു.

TAGS :

Next Story