Quantcast

'ഔറംഗസേബ് ഫാൻസ് ക്ലബ്ബിന്റെ നേതാവ്': ഉദ്ധവിനെ ലക്ഷ്യമിട്ട് അമിത് ഷാ

“പോപുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നവരുടെ മടിയിലാണ് ഉദ്ധവ് താക്കറെ ഇരിക്കുകയാണ്. യാക്കൂബ് മേമനെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചവരുടെ കൂടെയാണ് നിങ്ങൾ ഇരിക്കുന്നത്''

MediaOne Logo

Web Desk

  • Updated:

    2024-07-21 16:23:17.0

Published:

21 July 2024 4:22 PM GMT

ഔറംഗസേബ് ഫാൻസ് ക്ലബ്ബിന്റെ നേതാവ്: ഉദ്ധവിനെ ലക്ഷ്യമിട്ട് അമിത് ഷാ
X

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉദ്ധവിനെ ഔറംഗസേബ് ഫാൻസ് ക്ലബ്ബിന്റെ നേതാവാണെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.

'' ഈ ഔറംഗസേബ് ഫാൻസ് ക്ലബ്ബിന് രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല. ആരാണ് ഈ ഔറംഗസേബ് ഫാൻസ് ക്ലബിന്റെ ആളുകള്‍? അത് മഹാ വികാസ് അഘാഡിയാണ്, ഉദ്ധവ് താക്കറെയാണ് ഔറംഗസേബ് ഫാൻ ക്ലബ്ബിൻ്റെ നേതാവ്. ബാലാസാഹെബിൻ്റെ അനന്തരാവകാശിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉദ്ധവ് താക്കറെ, കസബിന് ബിരിയാണി തീറ്റിച്ചവരുടെ കൂടെയാണ് ഇരിക്കുന്നത്''- പൂനെയിൽ നടന്നൊരു പൊതുയോഗത്തിൽ ഇങ്ങനെയായിരുന്നു ഷായുടെ വാക്കുകള്‍.

“പോപുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നവരുടെ മടിയിലാണ് ഉദ്ധവ് താക്കറെ ഇരിക്കുകയാണ്. യാക്കൂബ് മേമനെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചവരുടെ കൂടെയാണ് നിങ്ങൾ ഇരിക്കുന്നത്. ഉദ്ധവ് ജി, സാക്കിർ നായിക്കിനെ സമാധാനത്തിൻ്റെ ദൂതൻ എന്ന് വിളിച്ചവരുടെ മടിയിലാണ് നിങ്ങൾ ഇരിക്കുന്നത്''- അദ്ദേഹം പറഞ്ഞു. ഔറംഗസേബ് ഫാൻസ് ക്ലബ്ബിന് രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയുമോ? ബി.ജെ.പിക്ക് മാത്രമെ രാജ്യത്തെയും സുരക്ഷിതമാക്കാൻ കഴിയൂ. മഹാരാഷ്ട്രയെ സംരക്ഷിക്കാനും ബിജെപിക്ക് മാത്രമേ കഴിയൂ''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ശിവസേന (യുബിടി) തലവനെ ഷാ പരസ്യമായി ഉന്നമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും ഉദ്ധവ് താക്കറയെ ലക്ഷ്യമിട്ട് അമിത് ഷാ, രംഗത്ത് എത്തിയിരുന്നു. അധികാരത്തിനുവേണ്ടി താക്കറെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചെന്നായിരുന്നു ഷായുടെ ആരോപണം. കസബിനെ പിന്തുണക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.ഇതേ നിലപാട് തന്നെയാണോ ഉദ്ധവ് താക്കറെയ്ക്കുള്ളതെന്നും അമിത് ഷാ ചോദിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് ശേഷം അമിത് ഷായുടെ ആദ്യ മഹാരാഷ്ട്ര സന്ദർശനമാണിത്. 2019ൽ പാർട്ടി നേടിയ 23 സീറ്റുകളിൽ നിന്ന് ഇക്കുറി ഒമ്പതിലേക്ക് കൂപ്പുകുത്തിയിരുന്നു. അതേസമയം മിന്നും ജയമാണ് 'ഇന്‍ഡ്യ' സഖ്യം സംസ്ഥാനത്ത് നിന്നും നേടിയത്. 48 ലോക്‌സഭാ സീറ്റുകളിൽ 30 എണ്ണത്തിലും വിജയിക്കാനായി. 13 സീറ്റില്‍ കോണ്‍ഗ്രസും ഒമ്പത് സീറ്റില്‍ ശിവസേനയും (ഉദ്ധവ് താക്കറെ പക്ഷം) വിജയിച്ചപ്പോള്‍ എന്‍.സി.പി. (ശരദ് പവാര്‍ പക്ഷം) ഏഴുസീറ്റുകള്‍ നേടി.

വര്‍ഷാവസാനമാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അധികാരം നിലനിര്‍ത്തുക എന്ന വന്‍വെല്ലുവിളിയാണ് ഇക്കുറി ബിജെപിക്ക് നയിക്കുന്ന മഹായുതി(എന്‍.ഡി.എ)സഖ്യത്തിന് മുന്നിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം തന്നെയാകും നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുക എന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ബി.ജെ.പിക്ക് അത് കനത്ത തിരിച്ചടിയാകും. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വലിയൊരു സംസ്ഥാനം കൂടി കൈവിട്ടാല്‍ മോദി-അമിത് ഷാ ടീമിന് നേരെ വിമര്‍ശനങ്ങളുയരും.

TAGS :

Next Story