'സ്വേച്ഛാധിപത്യത്തിന്റെ ഒടുക്കത്തിന്റെ തുടക്കം'; രാഹുലിനെ അയോഗ്യനാക്കിയതിൽ ഉദ്ദവ് താക്കറെ
മാനനഷ്ടക്കേസിൽ ശിക്ഷിച്ചതോടെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയായിരുന്നു
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് ശിവസേന (ഉദ്ദവ് ബാൽ താക്കറെ) തലവൻ ഉദ്ദവ് താക്കറെ. അയോഗ്യത ജനാധിപത്യത്തെ കൊലപ്പെടുത്തലാണെന്നും സ്വേച്ഛാധിപത്യത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തെയാകെ കൊള്ളയടിക്കുന്നവർ പുറത്തിരിക്കവേ കള്ളനെ കള്ളനെന്ന് വിളിക്കുന്നത് കുറ്റമാകുന്നുവെന്നും അദ്ദേഹം വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.
'ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. എല്ലാ ഏജൻസികളും സമ്മർദത്തിലാണ്. ഇത് സ്വേച്ഛാധിപത്യത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. ഇപ്പോൾ പോരാട്ടത്തിന് ഒരു ദിശയേയുള്ളൂ' അദ്ദേഹം പറഞ്ഞു. മോദിയെ വിമർശിച്ചുള്ള 2019ലെ പ്രസംഗത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുലിന് രണ്ട് വർഷം തടവ് വിധിക്കുകയും തുടർന്ന് അയോഗ്യനാക്കുകയും ചെയ്തതോടെ നിരവധി പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തിന് പിന്തുണയായി എത്തിയിരുന്നു.
രണ്ടു വർഷം തടവിന് ശിക്ഷിച്ചു, രാഹുലിന് എംപി സ്ഥാനം നഷ്ടം
ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.
വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.
മാനനഷ്ടക്കേസിൽ ശിക്ഷിച്ചതോടെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയായിരുന്നു. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.
2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.
Shiv Sena (Uddav Bal Thackeray) chief Uddhav Thackeray reacts to the disqualification of Congress leader Rahul Gandhi from the post of MP.
Adjust Story Font
16