Quantcast

ആദ്യമായി കോൺഗ്രസിന് വോട്ട് ചെയ്യാൻ ഉദ്ധവ് താക്കറെ

ഇതുവരെ വോട്ട് ചെയ്തതൊക്കെയും ശിവസേനക്കോ അല്ലെങ്കിൽ ബി.ജെ.പി സ്ഥാനാർഥിക്കോ ആയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-26 14:01:55.0

Published:

26 April 2024 2:00 PM GMT

Uddhav Thackeray
X

മുംബൈ: ജീവിതത്തിലാദ്യമായി കോൺഗ്രസിന് വോട്ട് ചെയ്യാന്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഇതുവരെ വോട്ട് ചെയ്തതൊക്കെയും ശിവസേനക്കോ അല്ലെങ്കിൽ ബി.ജെ.പി സ്ഥാനാർഥിക്കോ ആയിരുന്നു. ശിവസേന പിളർന്ന് രണ്ടാകുകയും ഒരു വിഭാഗം ബി.ജെ.പിയോടൊപ്പം പോകുക കൂടി ചെയ്തതോടെയാണ് കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ ഉദ്ധവ് താക്കറെക്ക് അവസരം ലഭിക്കുന്നത്. അഞ്ചാംഘട്ടമായ മെയ് 20നാണ് ഇവിടെ വോട്ടെടുപ്പ്.

ഉദ്ധവ് താമസിക്കുന്ന മാതോശ്രീ നിലനിൽക്കുന്ന ബാന്ദ്ര ഈസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിലാണ്. സീറ്റ് വിഭജനത്തിൽ ഇത്തവണ ഇവിടെ മത്സരിക്കുന്നത് കോൺഗ്രസാണ്. കോണ്‍ഗ്രസ് മുംബൈ യൂണിറ്റ് പ്രസിഡന്റും എം.എല്‍.എയുമായ പ്രൊഫസർ വർഷ ഗെയിക് വാദാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. മഹായുതിയിൽ(എന്‍.ഡി.എ) ബി.ജെ.പിയാകും ഇവിടെ നിന്നും മത്സരിക്കുക. അവര്‍ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ ഈ സീറ്റ് ബി.ജെ.പിയുടെ കൈവശമാണ്. പൂനം മഹാജനാണ് കഴിഞ്ഞതവണ ഇവിടെ നിന്നും വിജയിച്ച് കയറിയത്. പൂനത്തിന് തന്നെ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുംബൈ നോര്‍ത്ത് സെൻട്രൽ മണ്ഡലം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്‌ക്ക് നല്‍കാനായിരുന്നു ആദ്യം ധാരണ. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം ഉയര്‍ന്നതോടെ ശിവസേന വിട്ടുകൊടുക്കുകയായിരുന്നു.

മുംബൈ മേഖലയിലെ സീറ്റ് പങ്കിടൽ ധാരണയനുസരിച്ച് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) മുംബൈ സൗത്ത്, മുംബൈ നോർത്ത്, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് ഈസ്റ്റ് സീറ്റുകളിൽ മത്സരിക്കും, കോൺഗ്രസ് മുംബൈ നോർത്ത്, മുംബൈ നോർത്ത് സെൻട്രൽ എന്നിവിടങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. അതേസമയം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി മുംബൈ സീറ്റുകളിലൊന്നും മത്സരിക്കുന്നില്ല.

TAGS :

Next Story