സ്റ്റാലിൻ വഴിയേ 'ചിന്നവരും'; ഉദയനിധി മന്ത്രിസഭയിലേക്കെന്ന് റിപ്പോർട്ട്
2021ൽ കരുണാനിധിയുടെ തട്ടകത്തില്‍ റെക്കോർഡ് ഭൂരിപക്ഷത്തിനു ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയപ്പോള്‍ ഉദയനിധിയെ മന്ത്രിയാക്കാന്‍ മുറവിളിയുയര്‍ന്നിരുന്നു. എന്നാല്‍, സ്റ്റാലിന്‍ ഇതിനു ചെവികൊടുത്തിരുന്നില്ല
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ഡി.എം.കെ യുവനേതാവുമായ ഉദയനിധി തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. യുവജനക്ഷേമ-കായിക വികസന മന്ത്രിയായി ഉദയനിധി ബുധനാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് യുവനേതാവിനും നറുക്കുവീണത്.
ഡി.എം.കെയുടെ യുവമുഖമായ ഉദയനിധി 'ചിന്നവർ' എന്ന പേരിലാണ് പ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത്. മുത്തച്ഛൻ കരുണാനിധിയെപ്പോലെ സിനിമയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 2021ൽ കരുണാനിധിയുടെ തട്ടകമായ ചെപ്പോക്ക്-തിരുവെള്ളിക്കേണിയിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിനു ജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.
മണ്ഡലത്തിൽ ചെറിയ കാലയവളവ് കൊണ്ടുതന്നെ വേറിട്ട പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി റോബോട്ടിക് സീവേജ് ക്ലീനർ സംവിധാനം ഏർപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. തമിഴ്‌നാട്ടിൽ ആദ്യമായായിരുന്നു ഇത്.
യുവജന, കായിക വകുപ്പുകൾക്കൊപ്പം സ്റ്റാലിൻ കൈകാര്യം ചെയ്തിരുന്ന പൊതുജനക്ഷേമകാര്യ വകുപ്പും ഉദയനിധിക്കു നൽകുമെന്നാണ് അറിയുന്നത്. ശിവ മെയ്യനാഥനായിരുന്നു ഇതുവരെ യുവജന-കായിക മന്ത്രി. മുതിർന്ന ഡി.എം.കെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദ ഹിന്ദു റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുകയെന്നാണ് ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ ഉയദനിധി പ്രതികരിച്ചത്.
ഡി.എം.കെയുടെ സ്റ്റാർ കാംപയിനര്‍; യുവതയുടെ ആവേശം
2019 മുതൽ ഡി.എം.കെയുടെ യൂത്ത് സെക്രട്ടറിയാണ് ഉദയനിധി. 1982 മുതൽ 2017 വരെ സ്റ്റാലിൻ വഹിച്ചിരുന്ന പദവിയാണിത്. 2021ൽ നിയമസഭയിസലേക്ക് മത്സരിക്കുന്നതുവരെ പാർട്ടിയുടെ സ്റ്റാർ കാംപയിനറായിരുന്നു. ചെപ്പോക്കിൽ കരുണാനിധിയുടെ പിന്മുറക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം നൽകാൻ പാർട്ടിയിൽനിന്ന് മുറവിളി ഉയർന്നിരുന്നെങ്കിലും സ്റ്റാലിൻ ഇതിന് ചെവികൊടുത്തിരുന്നില്ല.
മന്ത്രിമാർ മുതൽ പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെ ഉദയനിധിയെ മന്ത്രിയാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഡി.എം.കെയിൽ കുടുംബാധിപത്യ രാഷ്ട്രീയമാണെന്ന വിമർശനങ്ങൾക്ക് കൂടുതൽ ആക്കംകൂട്ടുമെന്നു മനസിലാക്കി സ്റ്റാലിൻ ഇതിനു വഴങ്ങിയില്ല. എന്നാൽ, ഇപ്പോൾ പാർട്ടി നേതാക്കൾക്കു പുറമെ കുടുംബത്തിൽനിന്നും സമ്മർദം ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകകൂടി ഇതിനു പിന്നിലുണ്ട്.
എം രാജേഷ് സംവിധാനം ചെയ്ത ഒരു കൽ ഒരു കണ്ണാടിയിലൂടെയാണ് സിനിമയിൽ നടനായി അരങ്ങേറ്റം കുറിക്കുന്നത്. കുരുവി(2008), വണക്കം ചെന്നൈ(2013) തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. കമൽഹാസന്റെ 234-ാം ചിത്രവും നിർമിക്കുന്നത് ഉദയനിധിയാണ്. ബീസ്റ്റ്, വിക്രം, പൊന്നിയിൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരനുമായിരുന്നു.
Summary: Udhayanidhi Stalin, DMK MLA of Chepauk and the son of Tamil Nadu CM MK Stalin, is likely to be inducted into the Tamil Nadu cabinet as a minister on Wednesday as he is expected to get two portfolios – Youth Welfare, and Sports Development as well as Special Initiatives Implementation
Adjust Story Font
16