ഒരേ സമയം രണ്ട് ബിരുദത്തിന് യുജിസി അനുമതി; പുതിയ പരിഷ്‌ക്കാരം അടുത്ത അധ്യയനവർഷം മുതൽ
വിശദമായ മാർഗനിർദേശം യുജിസി വെബ്‌സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും.
ഒരേ സമയം രണ്ട് ബിരുദ പഠനത്തിന് യുജിസിയുടെ അനുമതി.അടുത്ത അധ്യയനവർഷം മുതൽ പുതിയ പരിഷ്‌കാരം നടപ്പാക്കും. വിശദമായ മാർഗനിർദേശം യുജിസി വെബ്‌സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും.
നിലവിൽ ബിരുദത്തിനൊപ്പം ഡിപ്ലോമയോ സർട്ടിഫിക്കറ്റ് കോഴ്‌സോ മാത്രം ചെയ്യാനാണ് യുജിസി അനുമതിയുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് ഒരേ സമയം രണ്ടു ബിരുദകോഴ്സുകൾ ചെയ്യാൻ അവസരം ലഭിക്കുന്നത്. ഒരു സർവകലാശാലയുടെ ബിരുദം കോളേജിൽ പഠിക്കുമ്പോൾ തന്നെ മറ്റൊരു സർവകലാശാലയുടെ ബിരുദം ഓൺലൈൻ ആയി ചേരാം. വേണമെങ്കിൽ രണ്ട് ഓൺലൈൻ കോഴ്സുകൾ ഒരേ സമയം ചെയ്യാനും കഴിയും. ഒരേ സമയം രണ്ട് കോഴ്‌സ് ചെയ്യുമ്പോൾ ഹാജർ നിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതാത് സർവകലാശാലയുടെ നയമനുസരിച്ചായിരിക്കും.വിദ്യാർഥികൾ വിവിധ കഴിവുകൾ ആർജിക്കുന്നതിനാണ്ഒരേ സമയം രണ്ട് ബിരുദം ചെയ്യാനുള്ള അവസരമൊരുക്കുന്നതെന്നു യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ അറിയിച്ചു
പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാംവർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്‌സിന് ചേരാം.കൂടുതൽ സർവകലാശാലകൾ രണ്ട് ബിരുദം ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുമെന്നാണ് യുജിസിയുടെ പ്രതീക്ഷ. ഒരേ സമയം രണ്ട് ബിരുദാന്തര കോഴ്സുകൾ ചെയ്യാനും അവസരമുണ്ടാകും.
Adjust Story Font
16