ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല; വീടുകള്‍ പണയം വച്ച് ബൈജു രവീന്ദ്രന്‍
ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്
ബൈജു രവീന്ദ്രന്‍
ബെംഗളൂരു: പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസ് കടക്കെണിയില്‍. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് ബൈജൂസിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്.
12 മില്യണ്‍ ഡോളറിനായി വീടുകള്‍ ഈടായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബൈജുവിന്‍റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് തിങ്കളാഴ്ച ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിച്ചുവെന്നാണ് ബൈജൂസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരു കാലത്ത് ഏറ്റവും മൂല്യമേറിയ ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസ് അതിന്‍റെ യു.എസ് ആസ്ഥാനമായുള്ള കുട്ടികളുടെ ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്‌ഫോം ഏകദേശം 400 മില്യൺ ഡോളറിന് വിൽക്കാനുള്ള ഒരുക്കത്തിലാണ്. 1.2 ബില്യണ്‍ ഡോളറിന്‍റെ ലോണിന്‍റെ പലിശയടവ് മുടങ്ങിയതിനെച്ചൊല്ലിയുണ്ടായ നിയമപോരാട്ടത്തെ തുടര്‍ന്ന് ഇത് പൂട്ടിയിരിക്കുകയാണ്.
ഒരുകാലത്ത് ഏകദേശം 5 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വായ്പ ബൈജൂസ് തിരിച്ചടക്കാനുണ്ടായിരുന്നു. ഇത് ആറുമാസത്തിനകം അടയ്ക്കുമെന്നാണ് ബൈജൂസിന്‍രെ വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇതുവരെ നല്‍കിയിട്ടില്ല. കൂടുതല്‍ ജീവനക്കാരെ കുറയ്ക്കാനും നീക്കമുണ്ട്. 310 അംഗ എന്‍ജിനയറിംഗ് ടീമിലെ 40 ശതമാനത്തോളം പേരെ ബൈജൂസ് പിരിച്ചുവിട്ടേക്കുമെന്ന് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ബൈജൂസിന്‍റെ ഓഫീസുകളിലും ബൈജു രവീന്ദ്രന്‍റെ വസതിയിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ 'തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി'നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി അധികൃതർ വ്യക്തമാക്കിയിരുന്നു. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Adjust Story Font
16