'ദയവ് ചെയ്ത് ശില്‍പ ഷെട്ടിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുത്'; ഇഡി റെയ്ഡിനെക്കുറിച്ച് രാജ് കുന്ദ്ര
സെൻസേഷണലിസം ഒരിക്കലും സത്യത്തെ മറയ്ക്കില്ലെന്ന് രാജ് കുന്ദ്ര
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ ഭാഗമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെയും മറ്റു ചിലരുടെയും സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ കുന്ദ്ര പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം. സെൻസേഷണലിസം ഒരിക്കലും സത്യത്തെ മറയ്ക്കില്ലെന്ന് അദ്ദേഹം കുറിച്ചു.
അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്ന് കുന്ദ്ര വ്യക്തമാക്കി. ഭാര്യ ശിൽപ ഷെട്ടിയുടെ പേര് കേസിലേക്ക് വലിച്ചിഴക്കുന്നതിനെതിരെയും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ''കഴിഞ്ഞ നാല് വർഷമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തോട് ഞാൻ പൂർണമായും യോജിക്കുന്നു.അശ്ലീലച്ചിത്ര നിര്‍മാണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയുടെ അവകാശവാദങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു സെൻസേഷണലിസവും സത്യത്തെ മറയ്ക്കില്ല, അവസാനം നീതി വിജയിക്കും'' അദ്ദേഹം കുറിച്ചു. ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്‍റെ ഭാര്യയുടെ പേര് ആവര്‍ത്തിച്ച് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അതിര് കടക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.
ശിൽപ ഷെട്ടിയെ അന്വേഷണവുമായി ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ നിരസിച്ചുകൊണ്ട് ശിൽപ ഷെട്ടിയുടെ അഭിഭാഷകൻ അഡ്വ. പ്രശാന്ത് പാട്ടീലും പ്രസ്താവനയിറക്കി.'' എൻ്റെ കക്ഷിയായ ശിൽപ ഷെട്ടി കുന്ദ്രയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തതായി മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയല്ല, തെറ്റിദ്ധരിപ്പിക്കുന്നതാണ്. കുറ്റകൃത്യവുമായി ശില്‍പക്ക് ഒരു ബന്ധവുമില്ല, ഒരു റെയ്ഡും നടക്കുന്നില്ല. രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണമാണ് ഇത്. കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ശിൽപ ഷെട്ടി കുന്ദ്രയുടെ വീഡിയോകളും ചിത്രങ്ങളും പേരും ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അച്ചടി ദൃശ്യ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതിന് വിരുദ്ധമായി ശില്‍പയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും'' പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ രാജ് കുന്ദ്രയുടെ 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ജൂഹുവില്‍ ശില്‍പ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉള്‍പ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. 6,600 കോടി രൂപയുടെ ബിറ്റ് കോയിൻ തട്ടിപ്പിലൂടെ ഇവർ കള്ളപ്പണം വെളിപ്പിച്ചെന്നാണ് ഇഡിയുടെ ആരോപണം. ബിറ്റ്കോയിനുകളുടെ രൂപത്തിൽ പ്രതിമാസം 10 ശതമാനം റിട്ടേൺ നൽകാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി പൊതുജനങ്ങളിൽ നിന്ന് 6,600 കോടി രൂപ വിലമതിക്കുന്ന ഫണ്ടുകൾ പ്രതികൾ ശേഖരിച്ചുവെന്നാണ് ഇഡി പറയുന്നത്.
സ്വര്‍ണ നിക്ഷേപത്തില്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയില്‍നിന്ന് 90 ലക്ഷം രൂപ തട്ടിയെന്ന കേസും ശില്‍പക്കും രാജ് കുന്ദ്രക്കുമെതിരെയുണ്ട്. നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 2021 ജൂലൈയില്‍ കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16