Quantcast

ഏകീകൃത സിവിൽകോഡ് നടപ്പാക്കും, തീവ്രവാദവിരുദ്ധ സെൽ രൂപീകരിക്കും; ​ഗുജറാത്തിൽ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി

പെൺകുട്ടികൾക്ക് കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസവും പ്രകടന പട്ടികയിൽ ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    26 Nov 2022 2:40 PM GMT

ഏകീകൃത സിവിൽകോഡ് നടപ്പാക്കും, തീവ്രവാദവിരുദ്ധ സെൽ രൂപീകരിക്കും; ​ഗുജറാത്തിൽ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി
X

അഹമ്മദാബാദ്: ​ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വാ​ഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ഭീകര സംഘടനകളുടെയും ഇന്ത്യാവിരുദ്ധ ശക്തികളുടേയും സ്ലീപ്പർ സെല്ലുകളും ഭീഷണികളും തിരിച്ചറിയാനും ഇല്ലാതാക്കാനും തീവ്രവാദ വിരുദ്ധ സെൽ രൂപീകരിക്കും തുടങ്ങിയ വാ​ഗ്ദാനങ്ങളുമായാണ് പ്രകടന പത്രിക.

ഗാന്ധിന​ഗറിലെ കമലം ഓഫീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ്​ പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ നേരിട്ടുള്ള വിദേശ നിക്ഷേപകേന്ദ്രമാക്കി മാറ്റി ഗുജറാത്ത് സമ്പദ്‌വ്യവസ്ഥയെ ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥയ്ക്ക് തുല്യമാക്കാനാണ് പാർട്ടി പദ്ധതിയിടുന്നതെന്ന് ജെപി നദ്ദ പ്രഖ്യാപിച്ചു.

കൂടാതെ, പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയാനുള്ള നിയമം ഉണ്ടാക്കും, സംസ്ഥാനത്ത് ഒളിമ്പിക് ഗെയിംസ് നടത്തും, 20 ലക്ഷം തൊഴിലവസരങ്ങൾ നൽകും, ആയുഷ് മാൻ ഭാരതിന്‍റെ കീഴിലുള്ള മെഡിക്കൽ ഇൻഷുറൻസ് തുക അഞ്ച് ലക്ഷത്തിൽ നിന്നും 10 ലക്ഷമായി ഉയർത്തും തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങൾ.

പെൺകുട്ടികൾക്ക് കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസവും പ്രകടന പട്ടികയിൽ ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 182 നിയമസഭാ സീറ്റുകളിലേക്ക് ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.

വീണ്ടും അധികാരം നിലനിർത്താൻ കൊണ്ടുപിടിച്ച ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ​ഗുജറാത്തിലെത്തി പ്രചരണം നടത്തിയിരുന്നു.

മറുപടിയായി രാഹുൽ ​ഗാന്ധിയടക്കമുള്ളവരെ ഇറക്കിയായിരുന്നു കോൺ​ഗ്രസ് പ്രചരണം കൊഴുപ്പിച്ചത്. അതേസമയം, ഡൽഹിയും പഞ്ചാബും ആവർത്തിക്കാൻ ആം ആദ്മി പാർട്ടിയും ശക്തമായ പ്രചരണവുമായി ഇത്തവണ രം​ഗത്തുണ്ട്. ഇവരെ കൂടാതെ എൻ.സി.പിയും മത്സര രംഗത്തുണ്ട്.

ഇതിനിടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി കുട്ടികളെ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് പ്രതിനിധി സംഘം വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും വീഡിയോ കൈമാറുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.

TAGS :

Next Story