Quantcast

'ഏക സിവിൽകോഡ് ഭോഷ്‌ക്, ഹിന്ദുരാഷ്ട്ര പദ്ധതിയുടെ ഭാഗം'; വിമർശനവുമായി അമർത്യാ സെൻ

രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ വിഷയം ബരാക് ഒബാമ ചൂണ്ടിക്കാട്ടിയതിൽ സന്തോഷമുണ്ടെന്നും സെൻ

MediaOne Logo

Web Desk

  • Published:

    6 July 2023 10:18 AM GMT

Amartya Sen says Uniform Civil Code is part of Hindu Rashtra, Amartya Sen on Uniform Civil Code, Amartya Sen against Uniform Civil Code, Amartya Sen, Uniform Civil Code
X

കൊൽക്കത്ത: ഏക സിവിൽകോഡിനെതിരെ വിമർശനവുമായി നൊബേൽ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാ സെൻ. ഏക സിവിൽകോഡ് ഭോഷ്‌ക്കാണെന്നും ഹിന്ദുരാഷ്ട്ര പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. ബംഗാളിലെ ബിർഭൂമിൽ ശാന്തിനികേതനിലെ സ്വന്തം വസതിയിൽ സ്ഥിതിചെയ്യുന്ന വിശ്വഭാരതി സർവകലാശാലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെൻ.

ഏക സിവിൽകോഡ് നടപ്പാക്കുന്ന കാര്യത്തിൽ ഒരു അമാന്തവും പാടില്ലെന്ന് പറയുന്നത് മാധ്യമങ്ങളിൽ കണ്ടു. എവിടെനിന്നാണ് ആ വിഡ്ഢിത്വം വന്നത്? ആയിരക്കണക്കിനു വർഷമായി ഏക സിവിൽകോഡില്ലാതെയാണ് നമ്മളിവിടെ ജീവിക്കുന്നത്. ഭാവിയിലും അങ്ങനെത്തന്നെ ജീവിക്കാനാകും-അമർത്യാ സെൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം ഹിന്ദുരാഷ്ട്രപദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ വഴി ഹിന്ദുരാഷ്ട്രം മാത്രമാകരുത്. കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടോടെ ഈ വിഷയങ്ങളെല്ലാം നോക്കിക്കാണേണ്ടതുണ്ട്. ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കം ഇവിടെ നടക്കുന്നുണ്ട്'-അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങൾക്കിടയിലുള്ള വൈവിധ്യങ്ങളും വ്യത്യസ്തതകളുമടങ്ങുന്ന സങ്കീർണമായ വിഷയം പരസ്യമായി ലളിതവൽക്കരിക്കാനാണ് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിലൂടെ നടക്കുന്നതെന്നും സെൻ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ അഭിപ്രായപ്രകടനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് ഒരുപാട് മത, ജാതി, ലിംഗ ഭിന്നതകളുണ്ട്. ഇതെല്ലാം ഒരു വെല്ലുവിളിയാണ്. ഇപ്പോൾ ഒബാമ ഇത്തരമൊരു വിഷയം ചൂണ്ടിക്കാട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മൾക്കിടയിൽനിന്നു തന്നെ ആർക്കെങ്കിലും ഇക്കാര്യം സൂചിപ്പിക്കാമായിരുന്നുവെന്നും അമർത്യാ സെൻ പറഞ്ഞു.

ഏക സിവിൽകോഡ് നീക്കത്തിനെതിരെ ബി.ജെ.പി സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെയും നാഷനൽ പീപ്പിൾസ് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ന്യൂനപങ്ങളെ ബാധിക്കുന്നതാണ് നീക്കമെന്ന് എ.ഐ.എ.ഡി.എം.കെ അഭിപ്രായപ്പെട്ടപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രജനതയുടെ സംസ്‌കാരത്തെ ഒരു നിയമംകൊണ്ടും മാറ്റാൻ അനുവദിക്കില്ലെന്നാണ് എൻ.പി.പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ വ്യക്തമാക്കിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെ ഏക സിവിൽകോഡിൽനിന്ന് ഒഴിവാക്കണമെന്ന് മുതിർന്ന ബി.ജെ.പി നേതാവും പാർലമെന്റിന്റെ നിയമസമിതി ചെയർമാനുമായ ലളിത് കുമാർ മോദിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Move to introduce Uniform Civil Code a bluff, linked to Hindu Rashtra: Amartya Sen

TAGS :

Next Story