Quantcast

ഏക സിവിൽ കോഡ്; പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ഇന്ന്

ഏകസിവിൽ കോഡ് വിഷയം സജീവമായി നിലനിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    3 July 2023 12:59 AM GMT

uniform civil code
X

ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരം

ഡല്‍ഹി: ഏക സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ഇന്ന്. കേന്ദ്ര നിയമ കമ്മീഷൻ,കേന്ദ്ര നിയമ മന്ത്രാലയം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധികളായ വിവേക് തൻഖ,മാണിക്കം ടാഗോർ അടക്കം 4 കോൺഗ്രസ് അംഗങ്ങൾ നിയമ കാര്യ പാർലമെന്‍ററി സമിതിയിലുണ്ട്.ഇവർ സ്വീകരിക്കുന്ന നിലപാടും ഏറെ നിർണായകമാണ്. ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയാണ് സമിതി അധ്യക്ഷൻ. ഏകസിവിൽ കോഡ് വിഷയം സജീവമായി നിലനിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

അതേസമയം സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കരട് പുറത്തിറങ്ങുകയോ, ചർച്ചകൾ നടത്തുകയോ ചെയ്താൽ അപ്പോൾ പരിശോധിച്ച് നിലപാടറിയിക്കാമെന്നാണ് ജയറാം രമേശ് പറഞ്ഞത്. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദമുള്ളപ്പോൾ തന്നെ തൽക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വം ധാരണയിലെത്തിയത്.

ഏകീകൃത സിവിൽകോഡ് അപ്രായോഗികമെന്ന് മുൻ നിയമ കമ്മീഷൻ നിലപാട് അറിയിച്ച സാഹചര്യത്തിൽ പുതിയ കമ്മീഷനെ നിയോഗിച്ചതും അഭിപ്രായങ്ങൾ തേടിയതും ബി.ജെ.പിയുടെ ധ്രുവീകരണത്തിനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 15ന് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ നിലപാടാണ് കോൺഗ്രസ് മുമ്പോട്ട് വച്ചത്. ഈ ന്യായീകരണം ഉന്നയിക്കുമ്പോൾ തന്നെ ഏകീകൃത സിവിൽകോഡ് വേണോ, വേണ്ടയോ എന്ന് കൃത്യമായി നേതൃത്വം പറയുന്നില്ല. ചർച്ച ചെയ്തു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എൻ.ഡി.എ ഘടകകക്ഷികൾ തന്നെ ഏകീകൃത സിവിൽകോഡിനെതിരെ രംഗത്തുവന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി. എൻ.ഡി.എ ഘടകകക്ഷികളായ എൻ.ഡി.പി.പിയും എൻ.പി.പിയും ബില്ലിനെതിരെ രംഗത്തുവന്നതിന് പിന്നാലെ മറ്റുകക്ഷികൾ കൂടി പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന.

TAGS :

Next Story