Quantcast

ഏക സിവിൽകോഡ്: ആം ആദ്മി പാർട്ടിയിൽ ഭിന്നത; അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതെന്നും എല്ലാ മതങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നും ഭഗവന്ത് മാൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-07-05 09:01:42.0

Published:

5 July 2023 5:22 AM GMT

Uniform civil code Punjab CM Bhagwant Mann differs from his party
X

ഛണ്ഡീഗഡ്: ഏക സിവിൽകോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിൽ ഭിന്നത. സിവിൽകോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതെന്നും എല്ലാ മതങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നും ഭഗവന്ത് മാൻ പറഞ്ഞു.

നമ്മുടെ രാജ്യം എല്ലാ നിറത്തിലുള്ള പൂക്കളുമുള്ള ഒരു പൂച്ചെണ്ട് പോലെയാണ്. എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കും മരണത്തിലും വിവാഹത്തിലുമെല്ലാം അവരുടേതായ ആചാരങ്ങളുണ്ട്. എന്തിനാണ് ആ പൂച്ചെണ്ടിൽ ഒരൊറ്റ നിറം മാത്രമാക്കി മാറ്റാൻ ശ്രമിക്കുന്നത്. എല്ലാവരുമായി സംസാരിച്ച് സമവായത്തിലെത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് അവർ പറയുന്നു. സാമൂഹിക സമത്വം ഉണ്ടെങ്കിൽ മാത്രം ഏക സിവിൽകോഡ് നടപ്പാക്കണമെന്നാണ് ഭരണഘടന പറയുന്നത്. വിദ്യാഭ്യാസവും ജോലിയുമില്ലാത്ത നിരവധിപേർ നമ്മുടെ സമൂഹത്തിലുണ്ട്. സാമൂഹികമായി നമ്മളെല്ലാം തുല്യരല്ലെന്നും ഭഗവന്ത് മാൻ പറഞ്ഞു.

തങ്ങൾ തത്വത്തിൽ ഏക സിവിൽകോഡിന് അനുകൂലമാണ് എന്നായിരുന്നു എ.എ.പി ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞിരുന്നത്. ആർട്ടിക്കിൾ 44 രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണമെന്നാണ് പറയുന്നത്. പക്ഷേ മതനേതാക്കളുമായും രാഷ്ട്രീയപ്പാർട്ടികളുമായും വിപുലമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story