'ഏക സിവിൽ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളില്‍'; മോദിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് ഡി.എം.കെ
ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഏക സിവിൽ കോഡ് ആവശ്യമില്ലെന്ന് പറയുന്നതെന്ന് ടി.കെ.എസ്. ഇളങ്കോവൻ
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് ഡി.എം.കെ. ഏക സിവിൽ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളിലാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു.
'ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വർഗ വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പൂജ നടത്താൻ അനുവദിക്കണം'. ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഏക സിവിൽ കോഡ് ആവശ്യമില്ലെന്ന് പറയുന്നതെന്ന് ഇളങ്കോവൻ പറഞ്ഞു.
രണ്ട് നിയമവുമായി എങ്ങനെ രാജ്യം മുമ്പോട്ടുപോകും?'; എന്നായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി ചോദിച്ചത്. 'ഈയാളുകളെ ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഇളക്കിവിടുകയാണ്. ഒരു വീട്ടിൽ രണ്ടു നിയമമുണ്ടെങ്കിൽ വീട് നടന്നുപോകുമോ? അപ്പോൾ പിന്നെ രണ്ട് നിയമവുമായി എങ്ങനെ രാജ്യം മുമ്പോട്ടു പോകും? ഭരണഘടന തുല്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രിം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ (പ്രതിപക്ഷം) വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്'- എന്നായിരുന്നു മോദിയുടെ പ്രസ്താവന.ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
'ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനും നടപ്പാക്കാനും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതു കൊണ്ടുവരും. സമൂഹനീതിയുടെ പേരിൽ വോട്ടു തേടുന്നവർ ഗ്രാമങ്ങളോടും ദരിദ്രവിഭാഗങ്ങളോടും വലിയ അനീതിയാണ് ചെയ്തിട്ടുള്ളത്.' - മോദി ആരോപിച്ചു.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഏക സിവിൽ കോഡ് ബിൽ കൊണ്ടുവരാൻ ബി.ജെ.പി. ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് പാർട്ടികളുടെ പ്രതികരണം.
Adjust Story Font
16