ഏക സിവിൽകോഡ് നാനാത്വത്തിൽ ഏകത്വത്തിന് ഭീഷണിയെന്ന് മതസംഘടനകൾ
ദേശീയതലത്തിലുള്ള മത സാമുദായിക സംഘടനകളുടെ യോഗം ഏക സിവിൽകോഡിനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്തു.
ന്യൂഡൽഹി: വിവിധ സമുദായങ്ങളുടെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും കേന്ദ്രസർക്കാർ ഇടപെടരുതെന്ന് ഏക സിവിൽകോഡിനെതിരെയുള്ള വിവിധ മതസംഘടന നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ആചാരങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ഡൽഹി വൈ.എം.സി.എയിൽ നടന്ന യോഗത്തിൽ ഓൾ ഇന്ത്യ ബാക്ക്വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ, ശിരോമണി അകാലിദൾ, ഡൽഹി, കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ട്രൈബൽസ് ഓർഗനൈസേഷൻസ്, ഓൾ ഇന്ത്യ രവിദാസിയ ധരം സംഗതൻ, നാഷണൽ കോൺഫറൻസ് ഓഫ് മൈനോറിറ്റി, സിഖ് വ്യക്തിനിയമ ബോർഡ്, ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസ് ഓഫ് ഡൽഹി അതിരൂപത, അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്, സിഖ് തൽമെയിൽ ഗ്രൂപ്പ് തുടങ്ങിയ സംഘടനകൾ പങ്കെടുത്തു. ഏകീകൃത സിവിൽകോഡ് മതപരവുമായ കാര്യങ്ങളിൽ ഇടപെടാനുള്ള വിനാശകരമായ ശ്രമമാണെന്ന് യോഗം വിലയിരുത്തി.
ന്യൂനപക്ഷ സമുദായങ്ങൾ, ദലിതർ, ആദിവാസികൾ എന്നിവർക്ക് യു.സി.സി ഭീഷണിയാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ യു.സി.സി വരുന്നത്തോടെ ഇല്ലാതാകും. ഭരണഘടന അനുശാസിക്കുന്ന മതപരവും സാംസ്‌കാരികവുമായ എല്ലാ മൗലികാവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. സർക്കാർ നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഏക സിവിൽകോഡിനെ കൂട്ടായി തള്ളിക്കളയുകയും ചെയ്യും. മതഗ്രന്ഥങ്ങളും ആരാധനാലയങ്ങളും അവഹേളിക്കുന്നത് തടയുകയും പള്ളികൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കും. 1991-ലെ ആരാധനാലയ നിയമം കർശനമായി നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപെട്ടു.
അസമിൽ നിന്നുള്ള ഗോത്രവർഗ എം.പി നബ ശരണിയ, കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ട്രൈബൽസ് ഓർഗനൈസേഷൻസ് പ്രസിഡന്റ് അശോക് ഭാരതി,അഖിലേന്ത്യ രവിദാസിയ ധരം സംഗതൻ മേധാവി ആർ. സുഖ്ദേവ് വാഗ്മരെ, സിഖ് വ്യക്തിനിയമ ബോർഡ് കൺവീനർ പ്രൊഫ ജാഗ്മോഹൻ സിങ്, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് വൈസ് പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി, ഓൾ ഇന്ത്യ ബാക്ക്വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് വാമൻ മേശ്രം, ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസ് ഓഫ് ഡൽഹി അതിരൂപതയുടെ പ്രസിഡന്റ് എ.സി മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16