Quantcast

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ, ഡിജിറ്റൽ കറൻസി, 5ജി... ഏഴര ലക്ഷം കോടിയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റെന്ന് നിര്‍മല സീതാരാമന്‍

MediaOne Logo

Web Desk

  • Updated:

    2022-02-01 07:48:17.0

Published:

1 Feb 2022 5:30 AM GMT

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ, ഡിജിറ്റൽ കറൻസി, 5ജി... ഏഴര ലക്ഷം കോടിയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്
X

അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധന നിക്ഷേപത്തിനും ഊന്നൽ നൽകി നിർമലാ സീതാരാമന്‍റെ നാലാം ബജറ്റ്. ഏഴര ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം പൊതുബജറ്റിൽ പ്രഖ്യാപിച്ചു. രജിസ്ട്രേഷന്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതി കൊണ്ടുവരും. പിഎം ഗതിശക്തിയിലൂടെ ഗതാഗത രംഗത്തെ ഏഴ് മേഖലകളിൽ വികസനം നടപ്പാക്കും.

5 ജി ഈ സാമ്പത്തിക വർഷം നടപ്പിലാക്കും, ഡിജിറ്റൽ കറൻസിക്ക് രൂപം നൽകും, ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോർട്ട് വിതരണം തുടങ്ങും, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 80 ലക്ഷം വീടുകൾ നിർമിക്കും എന്നിവയാണ് ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

ദേശീയപാത വികസിപ്പിക്കും

25,000 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും. 100 കാര്‍ഗോ ടെർമിനലുകള്‍ മൂന്ന് വർഷത്തിനകം. ദേശീയ റോപ് വേ വികസനം തുടങ്ങും. കുന്നുകളുള്ള മേഖലകളില്‍ ആദ്യഘട്ടമായി 60 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം തുടങ്ങും. അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂർത്തിയാക്കി. സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ വിദ്യാഭ്യാസ ചാനലുകള്‍

പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഒന്ന് മുതൽ പന്ത്രണ്ട് വരെ പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. ഓരോ ക്ലാസിനും ഓരോ ചാനലായിരിക്കും ഉണ്ടാവുക. രണ്ട് വർഷമായി പല വിദ്യാർഥികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല. കോവിഡ് കാലം ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ രൂക്ഷമായി ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം അംഗൻവാടികളിൽ പുതിയ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കും. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ കൊണ്ടുവരും. തൊഴില്‍ പരിശീലനത്തിന് ഏകീകൃത പോർട്ടല്‍ സ്ഥാപിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

എല്ലാ പോസ്റ്റ് ഓഫീസുകളിലും കോര്‍ ബാങ്കിംഗ് പദ്ധതി

രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോർ ബാങ്കിങ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 5 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ് 75 ജില്ലകളിൽ സ്ഥാപിക്കും. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം മാറ്റിവയ്ക്കും. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പിലാക്കും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സിസ്റ്റം കൊണ്ടുവരും. എല്ലാ മേഖലകളും ഡിജിറ്റൈസേഷന്‍ നടപ്പാക്കും. സംസ്ഥാന - കേന്ദ്ര സേവനങ്ങളെ ഇന്‍റർനെറ്റ് ബന്ധിതമാക്കും.

പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമിച്ച് നൽകും

പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമിച്ച് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി 48000 കോടി രൂപ നൽകുമെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ

മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 100 പി.എം ഗതി ശക്തി കാർഗോകൾ മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കും. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ വികസനം ഉറപ്പാക്കും. മലയോര മേഖലയിലെ റോഡ് വികസനത്തിനായി പർവത് മാല പദ്ധതി നടപ്പാക്കും.

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് പദ്ധതി വേഗത്തിലാക്കും

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളിൽ വികസനം കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരവികസന കോഴ്‌സുകൾ പഠിപ്പിക്കും. 250 കോടി രൂപ ഈ സ്ഥാപനങ്ങൾക്ക് കൈമാറും. അർബൻ സെക്ടർ പോളിസിക്കായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വരുന്നു ഡിജിറ്റല്‍ കറന്‍സി

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ രൂപ ആർ.ബി.ഐ പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

5-ജി ഈ വർഷം തന്നെ

5-ജി ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5-ജി സ്‌പെക്ട്രം ലേലവും ഈ വർഷം തന്നെ നടത്തും. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു

ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല

ആദായനികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ഇളവുകളില്ലെന്നും മന്ത്രി പറഞ്ഞു. ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ രണ്ട് വർഷം അനുവദിക്കും. വെർച്വൽ, ഡിജിറ്റൽ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തും. സ്റ്റാർട്പ്പുകളുടെ ആദായനികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻ.പി.എസ് നിക്ഷേപങ്ങൾക്ക് 14 ശതമാനം വരെ നികുതി ഇളവ് നൽകും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും

പുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും. വജ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. വജ്രം, രത്നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. അതേസമയം കുടകള്‍ക്ക് വില കൂടും.


TAGS :

Next Story