Quantcast

കേന്ദ്ര ബജറ്റ് നാളെ; രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് അവലോകന റിപ്പോർട്ട്

2023- 24 കാലത്ത് വളർച്ചാ നിരക്ക് 6.5 ആകുമെന്നാണ് സർവെ. നിലവിലെ സാമ്പത്തിക വളർച്ച ഏഴ് ശതമാനമാണ്.

MediaOne Logo

Web Desk

  • Updated:

    2023-01-31 12:50:43.0

Published:

31 Jan 2023 9:39 AM GMT

Union Budget, Economic Review Report, Nirmala Sitaraman, Loksabha, Central Govt
X

ന്യൂ‍ഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023- 24 കാലത്ത് വളർച്ചാ നിരക്ക് 6.5 ആകുമെന്നാണ് സർവെ. പലിശ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും സർവെയിലുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് അവലോകന റിപ്പോർട്ട് ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചത്.

നിലവിലെ സാമ്പത്തിക വളർച്ച ഏഴ് ശതമാനമാണ്. ഈ സാഹചര്യത്തിൽ അടുത്തവർഷം സാമ്പത്തിക വളർച്ചാ തോത് കുറയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നാളെ ലോക്സഭയിൽ പൊതുബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചത്. ധനകമ്മി കൂടിയാൽ രൂപ പ്രതിസന്ധിയിലാകുമെന്നും കയറ്റുമതി കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. സേവനമേഖലയിൽ 1.1 ശതമാനമാണ് പുരോഗതി. കാർഷിക മേഖലയിലും ചെറിയ പുരോഗതിയുണ്ടെങ്കിലും വ്യവസായ മേഖല 10.3 ശതമാനത്തിൽ നിന്ന് 4.2ലേക്ക് കൂപ്പുകുത്തി. ടെക്‌സ്റ്റൈൽസ്, ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലയിലും കനത്ത ഇടിവുണ്ടായി.

എന്നാൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വളർച്ചയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2016ൽ 452 എണ്ണമായിരുന്ന സ്റ്റാർട്ടപ്പുകൾ 2022 പൂർത്തിയായപ്പോൾ 84012 എണ്ണം (48 ശതമാനം വളർച്ച) ആയി ഉയർന്നു. ബജറ്റിൽ നികുതി പരിഷ്കാരം ഉൾപ്പെടെ വിവിധ ആശ്വാസ പദ്ധതികൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

അതേസമയം, ജി-20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്ന സാഹചര്യത്തിൽ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസന വർധന ഉണ്ടാവുമെന്നും കേരളമുൾപ്പെടെ രാജ്യമൊട്ടാകെ അതുണ്ടാവുമെന്നാണ് പ്രതീക്ഷ. ഒപ്പം, ശബരി പാത, മെട്രോ വികസനം, എയിംസ് എന്നിവയുടെ കാര്യത്തിലും കേരളത്തിന് പ്രതീക്ഷയുണ്ട്. 2024ൽ വിവിധയിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.

TAGS :

Next Story