കോഴിക്കോട്ട് ഒരു വിഭാഗം മാധ്യമങ്ങളുമായി കൂടിക്കാഴ്ച; ബ്രിട്ടാസിനോട് മാപ്പുപറഞ്ഞ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
രാജ്യസഭയിൽ ബ്രിട്ടാസിന്റെ പരാമർശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം
ന്യൂഡൽഹി: കോഴിക്കോട്ട് ഒരു വിഭാഗം മാധ്യമസ്ഥാപനങ്ങളെ ഒഴിവാക്കി നടത്തിയ വിവാദ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ച് കേന്ദ്ര യുവജന, കായിക മന്ത്രി അനുരാഗ് ഠാക്കൂർ. സി.പി.എം പ്രതിനിധി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ നടത്തിയ പരാമർശത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷിണിച്ചില്ലെന്ന ബ്രിട്ടാസിന്റെ പരാമർശത്തിന് മന്ത്രി പരസ്യമായി മാപ്പുപറഞ്ഞു.
കേരളത്തിൽ വന്നപ്പോൾ തന്നെ കണ്ടില്ലെന്ന് ജോൺ ബ്രിട്ടാസ് പറയുകയുണ്ടായി. അതിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. എന്നാൽ, സത്യാവസ്ഥ മറ്റൊന്നാണെന്നും മറ്റു പരിപാടികളുടെ ആധിക്യംമൂലമാണ് കൂടിക്കാഴ്ചയ്ക്ക് സാധിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
''തലേദിവസം തെലങ്കാനയിലെ ഹൈദരാബാദിൽ സമ്മേളനമുണ്ടായിരുന്നു. രാത്രി ഒരു മണിക്കാണ് ഞാൻ ഫ്രീയായത്. പുലർച്ചെ അഞ്ചുമണിയുടെ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോയി. അവിടെ എത്തിയ ശേഷം ഒരു മാധ്യമസ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരുമായി മറ്റൊരു കൂടിക്കാഴ്ചയും നടത്തി. കായികസംഘങ്ങളുമായും കായികമന്ത്രിയുമായും മേയറുമായും വെവ്വേറെ കൂടിക്കാഴ്ചകൾ നടന്നു. പിന്നീട് ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് പി.ടി ഉഷയുടെ താരങ്ങളെയും കണ്ടു. അതേദിവസം രാത്രിയിലെ വിമാനത്തിൽ മടങ്ങുകയും ചെയ്തു.''-അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
എന്നാൽ, കേരളത്തിൽ വന്നപ്പോൾ തന്നെ കാണാത്തതിൽ തനിക്ക് പരാതിയില്ലെന്നും വസ്തുത മറ്റൊന്നാണെന്നും ബ്രിട്ടാസ് പ്രതികരിച്ചു. ഇതേക്കുറിച്ച് ബ്രിട്ടാസ് ഫേസ്ബുക്കിൽ വിശദമായ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്. ''മലയാള മാധ്യമ സ്ഥാപന മേധാവികളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലേക്ക് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചത്. ഇത് വാർത്തകളിൽ ഇടംനേടിയിരുന്നു. ബി.ജെ.പി അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയിൽനിന്ന് ഒഴിവാക്കി എന്ന വിമർശനവുമുയർന്നിരുന്നു. കൈരളി ടി.വിയുടെ ചീഫ് എഡിറ്റർ, എം.ഡി എന്നതിനൊപ്പം തന്നെ ഐ.ടി ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയാണ് ഞാൻ. ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളുടെ പ്രധാനപ്പെട്ട സംഘടനയായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷനിൽ (ഐ.ബി.ഡി.എഫ്) ബോർഡ് അംഗവുമാണ്. ഇത്തരമൊരു കൂടിക്കാഴ്ചയിൽ എന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചായിരുന്നു മന്ത്രിയോട് ആരാഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി സഭയിൽ പരസ്യമായി മാപ്പ് പറഞ്ഞത്.''-ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഒരു മാധ്യമ സ്ഥാപനത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു എന്നും തുടർന്ന് മറ്റ് പരിപാടികളുടെ ആധിക്യം മൂലമാണ് കാണാൻ കഴിയാതിരുന്നത് എന്നുമാണ് മന്ത്രി ക്ഷമാപണത്തോടെ മറുപടി നൽകിയത്. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയതുമില്ലെന്നും ബ്രിട്ടാസ് കുറിച്ചു.
Summary: Union Minister Anurag Thakur apologizes to John Brittas in the controversy of his meeting with a selected section of journalists in Kozhikode
Adjust Story Font
16