Quantcast

ലാറ്ററൽ എൻട്രി വഴി ഉദ്യോഗസ്ഥ നിയമനം: സർക്കാറിനെതിരെ കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ

പദ്ധതിയെ എതിർക്കുന്ന ആദ്യ എൻ.ഡി.എ ഘടകകക്ഷിയാണ് ലോക് ജൻശക്തി പാർട്ടി

MediaOne Logo

Web Desk

  • Updated:

    2024-08-19 16:35:41.0

Published:

19 Aug 2024 4:29 PM GMT

Chirag Paswan
X

ന്യൂഡൽഹി: സ്വകാര്യ മേഖലയിൽനിന്ന് ലാറ്ററൽ എൻട്രി വഴി സർക്കാർ തലത്തിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര മന്ത്രിയും ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. ‘ഇത്തരം നിയമനങ്ങളിൽ എന്റെ പാർട്ടിയുടെ നിലപാട് തീർത്തും വ്യക്തമാണ്. സർക്കാർ നിയമനങ്ങൾ നടക്കുന്നിടത്തെല്ലാം സംവരണ വ്യവസ്ഥകൾ പാലിക്കണം. അതിൽ ഒരു ‘എങ്കിലും’ ‘പക്ഷെ’യുമില്ല’ -ചിരാഗ് പാസ്വാൻ പറഞ്ഞു.

ഈ വിവരം പുറത്തുവന്ന രീതിയും എന്നെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. കാരണം ഞാനും ഈ സർക്കാറിന്റെ ഭാഗമാണ്. എനിക്ക് വിഷയം ഉന്നയിക്കാനുള്ള വേദിയുണ്ട്. ഞങ്ങൾ ഒരിക്കലും ഇതിനെ അനുകൂലിക്കുന്നില്ല. ഇത് പൂർണമായും തെറ്റാണ്. ഈ വിഷയം ഞാൻ സർക്കാറിന് മുമ്പിൽ ഉയർത്തുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ​​ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങി 45 തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി യു.പി.എസ്.സി അപേക്ഷകൾ ക്ഷണിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കുക, ഭരണവൈദഗ്ധ്യം വർധിപ്പിക്കുക എന്നീ കാരണങ്ങൾ പറഞ്ഞാണ് 2018ൽ ലാറ്ററൽ എൻട്രി പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്. ഇതിന് ശേഷമുള്ള ഏറ്റവും വലിയ നിയമനപ്രക്രിയയാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.

ഇതിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിട്ടുള്ളത്. ഒ.ബി.സി, എസ്‌.സി, എസ്.ടി എന്നിവരുടെ സംവരണാവകാശങ്ങളെ തുരങ്കം വെക്കുന്ന തീരുമാനമാണിതെന്നാണ് പ്രധാന വിമര്‍ശം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി, സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം.

യു.പി.എസ്.സിക്ക് പകരം ആര്‍.എസ്.എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. ഇത് ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

TAGS :

Next Story